പ്രസവത്തിനിടെ അമ്മ മരിച്ചാല്‍ ജനിക്കുന്ന കുഞ്ഞും മരിക്കണം ;  ക്രൂരമായ ആചാരവുമായി ഒരു നാട് ; പിഞ്ചുകുഞ്ഞിനെ ദാരുണ മരണത്തില്‍ നിന്നും  രക്ഷിച്ച് മലയാളി യുവാവ് , സംഭവം ഇങ്ങനെ…

നെടുമ്പാശേരി: അസമിലെ ഉൾനാട്ടിൽ മരണത്തിന്റെ മുളമുനകളിൽ നിന്ന് ഒരു വയസ്സുകാരിയെ രക്ഷപ്പെടുത്തിയത് അങ്കമാലി ടൗൺ ബ്രദറൺ അസംബ്ലി പ്രതിനിധിയായ മിഥുൻ. വർഷങ്ങളായി അവിടെ ഗോത്രവർഗക്കാരുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന ബ്രദർ മിഥുൻ മിഷനറി ചാലഞ്ചിന്റെ ഭാഗമായാണ് അസമിലെ കാർബി ആങ് ലോങ് ജില്ലയിലെത്തുന്നത്.

5 വർഷമായി അവിടെ ബെയ്ദ ഗ്രാമത്തിലെ മംഗോളി ട്രൈബൽ ഗ്രാമത്തിൽ ഗോത്രവർഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുക്കുന്നു. അതോടൊപ്പം അവിടത്തെ സ്കൂളിൽ അധ്യാപകനുമാണ്.

കാർബി ജില്ലയിൽ മാത്രം 10 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഈ ഗോത്ര വർഗ സമൂഹത്തിന്റെ പ്രാകൃതമായ ആചാരത്തിൽ നിന്നാണ് മിഥുൻ രൂപ്മിലിയെ രക്ഷപ്പെടുത്തിയത്. ജെറോം–സോൻഫി പടോർപി ദമ്പതികളുടെ നാലാമത്തെ മകളായാണ് രൂപ്മിലി ജനിക്കുന്നത്. പ്രസവത്തോടെ സോൻഫി മരിച്ചു. പ്രസവത്തിനിടെ അമ്മ മരിച്ചാൽ ആ കുഞ്ഞും അതോടൊപ്പം മരിക്കണം എന്നാണ് അവിടത്തെ ക്രൂരമായ ആചാരം. അതിനായി മാതാവിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ കുട്ടിയെ കൂർപ്പിച്ച മുളങ്കമ്പുകളിൽ ജീവനോടെ കോർത്ത് മൃതദേഹത്തിന്റെ പാദത്തിനരികിൽ നാട്ടും. ചടങ്ങുകൾ പൂർത്തിയാകുന്നതോടെ കുട്ടിയും മരിക്കും. പിന്നീട് കുട്ടിയെയും അമ്മയോടൊപ്പം സംസ്കരിക്കുകയാണു പതിവ്.

രൂപ്മിലിയെയും മുളങ്കമ്പുകളിൽ കുത്തി നിർത്താൻ തയാറെടുക്കുന്നതിനിടെയാണ് മിഥുൻ വിവരമറിഞ്ഞ് എത്തുന്നത്. ആചാരപ്രകാരം പിതാവിന് കുട്ടിയെ ഏറ്റെടുക്കാനാകില്ല. ഏറ്റെടുത്താൽ ഗ്രാമം വിട്ടു പൊയ്ക്കൊള്ളണം. മാതാവിന്റെ ബന്ധുക്കൾക്ക് കുട്ടിയെ ഏറ്റെടുക്കാൻ ആചാരം അനുവദിക്കുന്നുണ്ടെങ്കിലും മുഴുപ്പട്ടിണിയിൽ വലയുന്ന ഗ്രാമവാസികൾ അതിനു തയാറാകാറില്ല.

മിഥുൻ ഗോത്രത്തലവനുമായി ബന്ധപ്പെട്ടെങ്കിലും വിട്ടുനൽകിയില്ല. അതേസമയം, സാമൂഹിക പ്രവർത്തനത്തിലൂടെ പ്രിയങ്കരനായി മാറിയ മിഥുന്റെ അഭ്യർഥന പ്രകാരം മുളങ്കമ്പിൽ കുത്തിനിർത്തി കുട്ടിയെ കൊല്ലുന്നതിൽ നിന്ന് ഒഴിവാക്കാൻ ഗോത്രത്തലവൻ തയാറായി. ഗോത്രചരിത്രത്തിൽ ആദ്യമായായിരുന്നു അങ്ങിനെയൊരു ഒഴിവാക്കൽ.

തുടർന്ന് മിഥുൻ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കുട്ടിയെ ഏറ്റെടുക്കാനുള്ള അനുമതി തേടി. ഗോത്രാചാരം നിലനിർത്താനായി സോൻഫിയുടെ സഹോദരിയുടെ പേരിൽ ആണ് ഏറ്റെടുക്കൽ അപേക്ഷ നൽകിയത്. കുട്ടിയുടെ സംരക്ഷണത്തിന് അവിടത്തെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ മിഥുനും കുട്ടിയുടെ പിതാവും തമ്മിൽ കരാറുണ്ടാക്കി. അവിടെ നിന്നു ചികിത്സയ്ക്കായി കൊച്ചിയിലേക്കു പോയ കുടുംബമാണ് കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്.

കഴിഞ്ഞ നവംബർ 8ന് ഇവിടെ മിഥുന്റെ മാതാപിതാക്കളായ ജോണിയും മെറീനയും കുട്ടിയെ ഏറ്റെടുത്തു. ഗുരുതരമായ പോഷകാഹാരക്കുറവു മൂലം മരണത്തിന്റെ വക്കിലായിരുന്നു കുട്ടി. കോട്ടയം മെഡിക്കൽ കോളജിൽ 25 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടെടുക്കാനായത്. ഇപ്പോൾ മേയ്ക്കാട്ടെ വീട്ടിൽ ജോണിയുടെയും മെറീനയുടെയും അരുമയായി രൂപ്മിലി വളരുന്നു.

Exit mobile version