ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിരക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചന

ഡല്‍ഹിയില്‍ ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 366 പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ ഒന്നിന് 0.57 ശതമാനമായിരുന്നു ടിപിആര്‍. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിരക്കാണ് ഇത്. ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

സ്‌കൂള്‍ കൂട്ടികളിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. സ്‌കൂളുകള്‍ അടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് സിസോദിയ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച കുട്ടികളുടെ ക്ലാസുകള്‍ക്ക് മാത്രം അവധി നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഹോം ഐസൊലേഷന്‍ കേസുകളില്‍ 48 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തലസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഏപ്രില്‍ 20ന് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

 

Exit mobile version