നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും; മൂന്ന് മാസം കൂടി ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ച്, വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇതുവരെ ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. ഇതോടെയാണ് കേസിന്റെ തുടര്‍നടപടികള്‍ക്ക് തല്‍ക്കാലത്തേക്ക് വേഗത കുറയ്ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ഇന്ന് സാങ്കേതികമായി അന്വേഷണത്തിനുള്ള സമയ പരിധി അവസാനിക്കുമെങ്കിലും സിആര്‍പിസി 173(8) പ്രകാരം അന്വേഷണത്തിനു തടസമില്ല. കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് തിങ്കളാഴ്ച വിചാരണ കോടതിയെ ക്രൈം ബ്രാഞ്ച് അറിയിക്കും. കേസില്‍ കാവ്യക്ക് പുതിയ നോട്ടീസ് നല്‍കുന്നതിലും ഉടന്‍ തീരുമാനമുണ്ടാവും.

 

Exit mobile version