കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു; വാസ്തുവാണ് പ്രശ്നമെന്ന് നിഗമനം; ഒടുവില്‍ പരിഹാരക്രിയയും നടത്തി, കവാടത്തിന് മുന്നില്‍ നിന്ന തൂണ് മാറ്റി സ്ഥാപിച്ചു; സംഭവം ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍

തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായ കൊലപാതക കേസുകളും മറ്റ് കുറ്റകൃത്യങ്ങളും ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി മാറിയിരുന്നു. മാനസിക സമ്മര്‍ദം താങ്ങാവുന്നതിലും അപ്പുറമായതോടെ വാസ്തു വിദഗ്ധനില്‍ ചില ഉദ്യോഗസ്ഥര്‍ അഭയം പ്രാപിച്ചു. ഒടുവില്‍ ഈ പ്രശ്നത്തിന് പരിഹാരവും കണ്ടെത്തി. സ്റ്റേഷനിലെ വാസ്തുവാണ് വില്ലന്‍!

ഡിസംബര്‍ മുതല്‍ കഴിഞ്ഞ മാസം വരെ സ്റ്റേഷന്‍ പരിധിയില്‍ നടന്നത് നാല് കൊലപാതകങ്ങളാണ്. മറ്റ് ഗുരുതര കുറ്റകൃത്യങ്ങള്‍ വേറെയും. ജോലിഭാരം കൊണ്ട് ചേര്‍പ്പ് സ്റ്റേഷന്‍ ജീവനക്കാര്‍ നട്ടം തിരിഞ്ഞു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ പ്രധാന കവാടത്തിന് മുന്നിലെ തൂണാണ് പ്രശ്നമെന്ന് വാസ്തു വിദഗ്ധന്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് കവാടത്തിന് മുന്നില്‍ നിന്ന ഇരുമ്പ് തൂണ് മാറ്റി സ്ഥാപിച്ചു.

പക്ഷേ തൊട്ടുപിന്നാലെ വീണ്ടും സ്റ്റേഷന്‍ പരിധിയില്‍ ഒരു കൊലപാതകം കൂടി നടന്നു. എന്നാല്‍ ഇതുള്‍പ്പെടെ എല്ലാ കേസുകളും തെളിയിക്കാനായ സന്തോഷത്തിലാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.

ഇത് ആദ്യമായല്ല പൊലീസ് സ്റ്റേഷനിലെ കേസുകളില്‍ വലഞ്ഞ ഉദ്യോഗസ്ഥര്‍ ഇത്തരം ‘പരിഹാര ക്രിയകളില്‍’ അഭയം പ്രാപിക്കുന്നത്. 15 വര്‍ഷം മുന്‍പ് കൊലപാതകങ്ങളും മോഷണങ്ങളും സ്റ്റേഷന്‍ പരിധിയില്‍ പതിവായപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്റ്റേഷനേക്കാള്‍ ഉയരത്തില്‍ വളര്‍ന്നുനിന്ന വളപ്പിലെ ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.

 

Exit mobile version