സില്‍വര്‍ ലൈന്‍ ബഫര്‍ സോണിലെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം. സില്‍വര്‍ ലൈനില്‍ നിലവില്‍ നടക്കുന്നത് സാമൂഹികാഘാത പഠനം മാത്രമാണെന്നും നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്ത് അധികൃതര്‍ അപേക്ഷകന് വീട് പണിയാനുള്ള അനുമതിയും നല്‍കി.
പഞ്ചായത്തില്‍ പണം അടച്ച ശേഷം വീടിന്റെ രണ്ടാം നില നിര്‍മ്മിക്കാമെന്ന് സെക്രട്ടറി തന്നെ അപേക്ഷകനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. കോട്ടയത്ത് സില്‍വര്‍ ലൈനിന്റെ പേരില്‍ പഞ്ചായത്ത് അധികൃതര്‍ വീട് നിര്‍മ്മാണം തടഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ റെയില്‍ അധികൃതര്‍ വിശദീകരണവുമായെത്തിയതും വീട് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതും.
സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണായതിനാല്‍ വീട് നിര്‍മ്മിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് അധികൃതര്‍ അപേക്ഷനോട് നേരത്തേ പറഞ്ഞിരുന്നത്. വീട് വെയ്ക്കാന്‍ കെ റെയില്‍ കമ്പനിയുടെ അനുമതി വാങ്ങണമെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാദം. വീട് നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സില്‍വര്‍ ലൈന്‍ തഹസില്‍ദാര്‍ക്ക് അയച്ച കത്തും പുറത്തായിരുന്നു.
വീടിന്റെ രണ്ടാംനില പണിയുന്നതിനായി ഉമസ്ഥനായ സിബി പനച്ചിക്കാടാണ് പഞ്ചായത്ത് സെക്രട്ടറിയെയാണ് സമീപിച്ചത്. സര്‍വേ നമ്പര്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നതാണെന്ന് പറഞ്ഞ് സില്‍വര്‍ ലൈന്‍ തഹസില്‍ദാരെ കാണാന്‍ പഞ്ചായത്ത് സെക്രട്ടറി സിബിയോയ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി തന്നെ സില്‍വര്‍ ലൈന്‍ തഹസില്‍ദാര്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്.
വീട് വയ്ക്കാന്‍ എന്‍.ഒ.സി ആവശ്യപ്പെട്ടുകൊണ്ടുള്ള ലെറ്റര്‍ പഞ്ചായത്ത് സെക്രട്ടറി സിബിക്ക് കൈമാറുകയും ഫെബ്രുവരി മാസത്തില്‍ കോട്ടയം കളക്ടറേറ്റിലെ തഹസില്‍ദാരുടെ ഓഫിസില്‍ ഇത് എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം പല തവണ അവിടെയെത്തിയിട്ടും വീട് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സിബി വെളിപ്പെടുത്തിയിരുന്നു.