തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരിഗണനയില്‍ രേഖ തോമസും; രാഷ്ട്രീയ സൂചന നല്‍കി കോണ്‍ഗ്രസ് നേതാക്കളുടെ ഉമ തോമസുമായുള്ള കൂടിക്കാഴ്ച; സീറ്റ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി ഇടത് ക്യാംപ്

കോണ്‍ഗ്രസ് നേതാവ് പിടി തോമസ് അന്തരിച്ചതോടെ ഒഴിവ് വന്ന തൃക്കാക്കരയില്‍ ഉപതെരഞ്ഞടെുപ്പ് അടുക്കുന്നെന്ന സൂചനകള്‍ക്കിടെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാവുന്നു. കോണ്‍ഗ്രസ് ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനത്തിലെത്തിയെന്ന സൂചനകളാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന ബ്ലോക്ക് മണ്ഡലം നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പ്രസ്താവന പോലും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃക്കാക്കരയില്‍ കരുത്തുറ്റ സ്ഥാനാര്‍ഥി വരുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ പിടി തോമസിന്റെ ഭാര്യ ഉമയുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ച ഇക്കാര്യങ്ങളിലേക്ക് ശക്തമായ സൂചന നല്‍കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജയസാധ്യതയുള്ളതിനാല്‍ നേതാക്കളെല്ലാം സീറ്റിനായി ചരടു വലികള്‍ നടത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പട്ടികയിലെ ആദ്യപേര് ഉമാ തോമസിന്റേതു തന്നെയാണ്. മത്സരരംഗത്തേക്ക് ഇല്ലെന്ന് ഉമ ഇതുവരെ പറഞ്ഞിട്ടില്ലെന്നതും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇടത് ക്യാംപില്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമുദായിക സമവാക്യങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ പരിഗണിച്ച് ശക്തനായ ഒരു സ്ഥാനാര്‍ത്ഥി എന്നതാണ് ഇടത് പാളയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍. ക്രിസ്ത്യന്‍ പേരിനായിരിക്കും ഇടത് പക്ഷം മുന്‍ഗണന നല്‍കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇടതു പക്ഷത്തോട് അടുത്ത് നില്‍ക്കുന്ന കെവി തോമസിന്റെ മകളുടെ പേരുള്‍പ്പെടെ ചര്‍ച്ചകളില്‍ പരിഗണിക്കപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കെവി തോമസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പകരക്കാരനായി മകളെ രംഗത്ത് ഇറക്കാനും അദ്ദേഹം പദ്ധതിയിടുന്നു എന്നും ചര്‍ച്ചകളുണ്ടായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു തന്നെ കെ. വി തോമസ് ശ്രമം തുടങ്ങിയിരുന്നു.

സിപിഐഎമ്മിന് അഭിമാനപ്പോരാട്ടം കൂടിയാണ് തൃക്കാക്കരയില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പു പരാജയത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ വരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഈ തീരുമാനം ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടാതിരിക്കാനും, കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന് ജന പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനും വിജയത്തില്‍ കുറഞ്ഞൊന്നും സിപിഐഎമ്മിന് മതിയാവില്ല.

എം സ്വരാജിനെ പോലെ ശക്തനായ സ്ഥാനാര്‍ഥി എന്ന ചര്‍ച്ചയും സിപിഐഎമ്മില്‍ നടക്കുന്നുണ്ട്. എന്നാല്‍ മല്‍സരത്തിനില്ലെന്ന നിലപാടിലാണ് സ്വരാജ് എന്നാണ് വിവരം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം കെഎസ് അരൂണ്‍ കുമാറിനോട് മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍വ്വശക്തിയുമെടുത്ത് തൃക്കാക്കരയില്‍ മത്സരിക്കുമെന്ന് എന്‍ഡിഎയും പ്രഖ്യാപിച്ച് കഴിഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 22 ന് എന്‍ഡിഎ യോഗം ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു. നേതൃയോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയുടെ എല്ലാ ഘടകകക്ഷികളും തൃക്കാക്കരയിലെ ഉപ തെരഞ്ഞെടുപ്പില്‍ സജീവമാവും. താഴെതട്ട്മുതല്‍ ശക്തമായ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Exit mobile version