കൊല്ലം: തടവുപുള്ളിയായ ഭർത്താവിനെ കാണാൻ പൂജപ്പുര സെൻട്രൽ ജെയിലിൽ എത്തിയപ്പോൾ മറ്റൊരു തടവുപുള്ളിക്ക് ഒപ്പം ഒളിച്ചോടിയ കടയ്ക്കാവൂർ സ്വദേശിനിയെയും കാമുകനെയും പാലക്കാട് സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജയിലിലുള്ള ഭർത്താവിനെ കാണാനാണ് യുവതി ജയിലിൽ എത്താറുള്ളത്. ഇതിന്നിടയിൽ യുവതി മറ്റൊരു ജെയിൽ പുള്ളിയായ ജയ്സണിനൊപ്പം ഒളിച്ചോടുകയായിരുന്നു.
ജയ്സൺ ജയിൽ മോചിതനായപ്പോൾ വിളിച്ചത് അനുസരിച്ചാണ് ഒന്നര വയസുള്ള ആൺകുഞ്ഞിനേയും മൂന്നര വയസുള്ള മകളെയും കൂട്ടി യുവതി കാമുകനൊപ്പം പോയത്. ഭർതൃമാതാവിന്റെ പരാതി അനുസരിച്ചാണ് കടയ്ക്കാവൂർ പൊലീസ് അന്വേഷണം നടത്തുകയും യുവതിയെയും കാമുകനെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. കാമുകന് ഒപ്പം പോകാനാണ് ആഗ്രഹമെന്ന് യുവതി പറഞ്ഞപ്പോൾ മൂന്നര വയസുള്ള മകളെ കോടതി ഭർതൃമാതാവിന് ഒപ്പം വിട്ടു. യുവതിയും കൈക്കുഞ്ഞും കാമുകന് ഒപ്പം പോവുകയും ചെയ്തു.
യുവതി തനിക്ക് അറിയുന്ന തടവുപുള്ളിയുമായി അടുപ്പമായ കാര്യം ഭർത്താവിനു അറിയാമായിരുന്നു. യുവതിയുടെയും കാമുകന്റെയും ബുദ്ധിപരമായ നീക്കം കാരണമാണ് യുവതിയും കാമുകനും ജയിൽവാസത്തിൽ നിന്നും രക്ഷപ്പെട്ടത്. കുട്ടികളെ ഒപ്പം കൂട്ടിയതിനാൽ ജുവൈനൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം പൊലീസിന് കേസെടുക്കാൻ കഴിഞ്ഞില്ല. കൈക്കുഞ്ഞും മൂന്നര വയസുള്ള പെൺകുട്ടിയും യുവതിക്ക് ഒപ്പമുണ്ടായിരുന്നു. ജയിൽപ്പുള്ളിയ്‌ക്കൊപ്പം മൂന്നര വയസുള്ള യുവതിയുടെ പെൺകുഞ്ഞു കൂടിയുള്ളതിനാലാണ് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയത്.
തനിക്ക് അറിയാവുന്ന തടവ്പുള്ളിക്ക് ഒപ്പം ഭാര്യ പോയത് ജയിലിലുള്ള ഭർത്താവിനെ ക്ഷുഭിതനാക്കിയിട്ടുണ്ട്. താൻ പുറത്തിറങ്ങിയാൽ ഇതിനു മറുപടി നൽകും എന്നാണ് ഭർത്താവ് മുഴക്കിയ ഭീഷണി.
ജയ്സണും തമ്പാനൂർ പൊലീസ് ചാർജ് ചെയ്ത മോഷണക്കേസിൽ പ്രതിയാണ്. മൊബൈൽ മോഷണം നടത്തിയതിനാണ് ജയ്സണെ പൊലീസ് പൊക്കിയത്. ഈ കേസ് മാത്രമേ ജയ്സണിന്റെ പേരിലുള്ളൂ എന്ന് മനസിലാക്കിയപ്പോൾ നേരെ വർക്കല കോടതിയിൽ ഹാജരാക്കുകയായിരുന്നു. കടയ്ക്കാവൂർ എസ്‌ഐ വിനോദ് വിക്രമാദിത്യൻ, എഎസ്‌ഐ ദിലീപ്, ബിനോജ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.