ആറുവയസുകാരന് മഡ് റെയ്സിംഗ് പരിശീലനം; പിതാവിനെതിരെ കേസെടുത്തു; ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്; കാടങ്കോട് നടന്നത് റെയ്സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകന്റെ വിശദീകരണം

പാലക്കാട്: ആറു വയസ്സുകാരനെ മഡ് റെയ്സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയതിന് പാലക്കാട് പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസെടുത്തത്. കേസെടുത്ത സൗത്ത് പൊലീസ് ഇയാളോട് അടിയന്തരമായി സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു.

ഞായറാഴ്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകള്‍ സംഘടിപ്പിച്ച മഡ് റെയസിംഗ് പരിശീലനത്തിലാണ് കുട്ടിയെ പങ്കെടുപ്പിച്ചത്. 16, 17 തീയതികളില്‍ നടക്കുന്ന റെയ്സിംഗിന് വേണ്ടിയായിരുന്നു പരിശീലനം. ടോയ് ബൈക്കാണ് ഉപയോഗിച്ചത് എന്നാണ് പിതാവിന്റെ വിശദീകരണം. എന്നാല്‍ മുതിര്‍ന്നവര്‍ക്കൊപ്പം അപകടകരമാം വിധം റേസിംഗ് നടത്തിയതിനാലാണ് കേസെടുത്തത്. പരിശീലന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്്റ്റര്‍ ചെയ്തത്.

അതേസമയം ആറ് വയസുകാരന് മഡ് റെയ്സിംഗ് പരിശീലനം നല്‍കിയതില്‍ വിശദീകരണവുമായി ക്ലബ് ഭാരവാഹികള്‍. കാടങ്കോട് നടന്നത് റെയ്സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകന്‍ ശെല്‍വ കുമാര്‍ പറഞ്ഞു. ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്. ബൈക്കുമായി എത്തിയവര്‍ ഓടിച്ചു തുടങ്ങിയപ്പോള്‍ കുട്ടിയും അവര്‍ക്കൊപ്പം ഓടിച്ചതാണെന്ന് സംഘാടകന്‍ വിശദീകരിച്ചു.

Exit mobile version