എരുമേലി: എരുമേലി ടൗണിന്റെ പരിസരങ്ങളിൽ കഞ്ചാവും മയ ക്കുമരുന്ന് ഗുളികകളും വ്യാപമാക്കിയ ഉപയോഗിക്കുന്നതായി വിവരങ്ങൾ. എക്സൈസ് വകുപ്പ് രഹസ്യാന്വേഷണം നടത്തിയതിനു പിന്നാലെ പോലീസും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംശയം തോന്നിയ രണ്ട് വീടുകളിൽ ഇന്നലെ പോലീസ് പരിശോധന നടത്തി. പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെ വിമുക്തി എന്ന പേരിൽ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്.
വീടുകളിലെത്തി ബോധവത്്കരണം നടത്തുകയാണ് വിമുക്തി പദ്ധതിയിലൂടെ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കിയാണ് ഭവന സന്ദർശനം. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എരുമേലി റേഞ്ച് പരിധിയിൽ ഉള്ള വിവിധ പഞ്ചായത്തുകളിൽ ഭവനസന്ദർശനം ആരംഭിച്ചെന്ന് എക്സൈസ് എരുമേലി റേഞ്ച് ഓഫീസ് അധികൃതർ അറിയിച്ചു.
വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ, സ്റ്റാഫ്, വിമുക്തി വാളണ്ടിയർമാർ എന്നിവർ ലഹരിക്ക് എതിരെയുള്ള ബോധവത്കരണത്തിൽ പങ്കാളികളായി. കഴിഞ്ഞ ദിവസം വിമുക്തിയുടെ ഭാഗമായി എക്സൈസ് വകുപ്പ് ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞയിടെ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്കൂളിൽനിന്നും വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂളിന്റെ സമീപത്തെ ഇടവഴിയിൽ വെച്ച് ലഹരി സംഘത്തിന്റെ മർദനമേറ്റിരുന്നു. ഈ സംഭവത്തെ തുടർന്നാണ് എക്സൈസ് വകുപ്പ് രഹസ്യ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും കഞ്ചാവും പിടികൂടി.
മാനസിക സമ്മർദ്ദത്തിന് കഴിക്കുന്ന ലഹരി സ്വഭാവമുള്ള ഗുളികകൾ ഇവർ ഉപയോഗിച്ചിരുന്നെന്നെന്നും എക്സൈസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് ബോധവത്കരണമായി വിമുക്തി പദ്ധതി ആരംഭിച്ചിരിക്കുന്നത്.