കാത്തിരിക്കണം; കെവി തോമസിനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല; കെവി തോമസിനെതിരെ തക്കതായ കര്‍ശന നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായി കെ. സുധാകരന്‍

കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടാകില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാവുക. കെപിസിസി നല്‍കിയ ശുപാര്‍ശ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറും. എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് നടപടി തീരുമാനിക്കുക. എന്നാല്‍, നടപടി ഉടന്‍ വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍.

കെവി തോമസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിയുടെ ശുപാര്‍ശ കത്ത് ഇന്നലെ പ്രസിഡന്റ് കെ സുധാകരന്‍ കൈമാറിയിരുന്നു. കെവി തോമസ് കഴിഞ്ഞ ഒരു വര്‍ഷമായി സിപിഐഎം നേതാക്കളുമായി ചര്‍ച്ചയിലാണെന്നും സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും കത്തില്‍ ആരോപിച്ചിരുന്നു. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം കെവി തോമസ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന നിഗമനത്തിലേക്ക് ഞങ്ങളെത്തി. പാര്‍ട്ടിക്ക് വിരുദ്ധമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. തക്കതായ കര്‍ശന നടപടി കെ വി തോമസിനെതിരെ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായും കെ സുധാകരന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയതു കൊണ്ട് താന്‍ പാര്‍ട്ടിക്ക് പുറത്താകില്ലെന്ന് കെ വി തോമസ് പ്രതികരിച്ചു. താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും നടപടി വന്നാല്‍ അപ്പോള്‍ നോക്കാമെന്നും കെവി തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ കെവി തോമസിനെതിരെ പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. ഇന്നലെ കെവി തോമസിനെ പിന്തുണച്ച് രംഗത്തെത്തിയ കെ മുരളീധരനും ഇന്ന് കെവി തോമസിനെതിരെ നിലപാടെടുത്തു. കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് തെറ്റാണെന്നും നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും മുരളീധരന്‍. പാര്‍ട്ടി ശത്രുവിനെയാണ് കെവി തോമസ് പുകഴ്ത്തിയത്. നടപടിയുണ്ടാകും. ഇല്ലെങ്കില്‍ അത് ശശി തരൂരിനോടുള്ള അനീതിയാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Exit mobile version