ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്; നാളെ നോട്ടിസ് നല്‍കും

ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനാ കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. അഭിഭാഷകര്‍ക്ക് അന്വേഷണ സംഘം നാളെ നോട്ടിസ് നല്‍കും. കേസില്‍ തെളിവ് നശിപ്പിച്ചതിനാണ് നടപടി. അഡ്വ. ഫിലിപ് ടി വര്‍ഗീസ്, അഡ്വ. സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കുക.

നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയില്‍ നേരത്തെ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടിസ് അയച്ചിരുന്നു. അഡ്വ. ബി രാമന്‍പിള്ള, അഡ്വ. സുജേഷ് മേനോന്‍, അഡ്വ. ഫിലിപ്പ് എന്നിവര്‍ക്കാണ് നോട്ടിസ്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യ പ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് ഐ ടി വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചത്.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അലുവയില്‍ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനാണ് നിര്‍ദേശം. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും.

ദിലീപിന്റെയും സുരാജിന്റെയും ഫോണുകളില്‍ നിന്നു ലഭിച്ച ശബ്ദരേഖകള്‍ ആസുത്രിതമാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം വധഗൂഢാലോചനാക്കേസില്‍ സായ് ശങ്കറിന്റെ രഹസ്യമൊഴിയും നാളെ എടുത്തേക്കും. മറ്റന്നാള്‍ ആണ് സായ് ശങ്കറിനെ ചോദ്യം ചെയ്യുന്നത്.

 

Exit mobile version