പ്രൊഫൈലിന് പകരം കാര്‍ട്ടൂണ്‍; യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ സൈബര്‍ ആക്രമണം. യുപി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്തതിന് പിന്നാലെ ഡിസ്പ്ലേ ചിത്രമായിരുന്ന യോഗി ആദിത്യ നാഥിന്റെ ഫോട്ടോ മാറ്റിയതിനൊപ്പം നിരവധി ട്വീറ്റുകളും പങ്കുവച്ചു. 100 ഓളം ട്വീറ്റുകളാണ് യുപി മുഖ്യമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്. നാല് മണിക്കൂറോളം സമയമാണ് അക്കൗണ്ട് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്.

രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യണ്‍ ഫോളോവേഴ്‌സാണ് യോഗി ആദിത്യ നാഥിന്റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്. അക്കൗണ്ടില്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്തു. തകരാര്‍ ഭാഗികമായി പരിഹരിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യോഗിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് അനാവശ്യ ട്വീറ്റുകള്‍ ശ്രദ്ധയില്‍പെട്ട ചിലരാണ് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന സംശയം പങ്കുവച്ചത്. ഹാക്കിംഗിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ആളുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അക്കൗണ്ടിലും യുപി പൊലീസിനും വിവരമറിയിക്കുകയായിരുന്നു. അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റുകളും നീക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. ബിറ്റ്‌കോയിന്‍ ഔദ്യോഗികമായി അംഗീകരിച്ചുവെന്ന ട്വീറ്റാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

 

Exit mobile version