ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്ധന്‍ സായ് ശങ്കര്‍ കസ്റ്റഡിയില്‍. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദിലീപിന്റെ അഭിഭാഷകര്‍ വഞ്ചിച്ചെന്ന ആരോപണവുമായി വധഗൂഡാലോചന കേസിലെ പ്രതി ഹാക്കര്‍ സായ് ശങ്കര്‍. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് തനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെന്ന പേരില്‍ തന്റെ ഒപ്പ് വാങ്ങിച്ച് ദിലീപിന്റെ അഭിഭാഷകര്‍ എഴുതിച്ചേര്‍ത്ത കള്ളപ്പരാതിയാണിതെന്നും സായ് ശങ്കര്‍ പറഞ്ഞു.
വധഗൂഡാലോചന കേസില്‍ കസ്റ്റഡിയിലായതിനു ശേഷം ആലുവ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ട് വന്നപ്പോഴാണ് പ്രതികരണം. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയവെയാണ് ഇയാള്‍ പൊലീസിന് കീഴടങ്ങിയത്.
ദിലീപ് ഒന്നാം പ്രതിയായ വധഗൂഡാലാചന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് സായ് ശങ്കറിന്റെ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിളളയുടെ പേര് പറയണമെന്ന് അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്നായിരുന്നു ആരോപണം. ദിലീപിന്റെ ഫോണിലെ ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പരാതി.
എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ചോദ്യം ചെയ്യലിന് സായ് ശങ്കര്‍ ഹാജരായില്ല. തുടര്‍ന്ന് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കുകയായിരുന്നു.
