അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; എല്ലാവരും പ്രത്യേകം ദുആ ചെയ്യണമെന്ന് മകന്‍ സലാഹുദ്ദീന്‍ അയ്യൂബി

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുളളതായി കുടുംബം. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത് കൊണ്ടും തുടര്‍ന്ന് എമര്‍ജന്‍സി കെയര്‍ നല്‍കാന്‍ സാധിച്ചതിനാലും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. മഅദനി ഇപ്പോള്‍ വിദഗ്ധ സംഘത്തിന്റെ ഒബ്‌സര്‍വേഷനില്‍ തുടരുകയാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചു.

വ്യാഴായ്ച വൈകീട്ടാണ് രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലേക്ക് മഅദനിയെ മാറ്റിയത്. യാത്രാ വിലക്കുകളോടെ ബംഗളൂരുവിലെ സ്വകാര്യ വസതിയില്‍ കഴിയുന്നതിനിടെയാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മഅ്ദനിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ കെയറിന് വേണ്ടി ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും പ്രത്യേകം ദുആ ചെയ്യണമെന്നും മകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2014 മുതല്‍ സുപ്രീം കോടതി അനുവദിച്ച നിബന്ധനകളോടെ ജാമ്യത്തില്‍ കഴിയുകയാണ് മഅദനി. കേസിന്റെ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

 

Exit mobile version