ഇടുക്കിയില്‍ ഇന്ന് വിമാനമിറങ്ങും; സത്രം എയര്‍സ്ട്രിപ്പില്‍ പരീക്ഷണ ലാന്‍ഡിങ്

ഇടുക്കി: വണ്ടിപെരിയാര്‍ സത്രത്ത് ഒരുങ്ങിയ എന്‍സിസി എയര്‍സ്ട്രിപ്പില്‍ ഇന്ന് വിമാനം ഇറക്കി പരീക്ഷണം. രണ്ട് പേര്‍ക്ക് സഞ്ചരിക്കുന്ന ചെറുവിമാനമാണ് സത്രത്ത് തയ്യാറാക്കിയിട്ടുള്ള എയര്‍ സ്ട്രിപ്പില്‍ ഇറക്കുക. എന്‍സിസി കേഡറ്റുകളുടെ പരിശീലത്തിനായാണ് മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണ് സത്രത്ത് ഒരുക്കിയത്.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെ വിമാനം ഇറക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ മൂടല്‍ മഞ്ഞ് ഉള്‍പ്പെടെയുള്ള കാലവസ്ഥ പരിഗണിച്ച് ഉചിതമായ സമയത്ത് വിമാനം ലാന്‍ന്‍ഡ് ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

650 മീറ്റര്‍ വരുന്ന റണ്‍വെയാണ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ തയ്യാറാക്കിയിരിക്കുന്നത്. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവശ്യമായ ഹാങര്‍ ഉള്‍പ്പെടെ ചെറു വിമാനത്താവളത്തിന്റെ പതിപ്പാണ് ഇവിടെ ഒരുങ്ങിരിക്കുന്നത്. അവാസന വട്ട മിനുക്കു പണികള്‍ പുരോഗമിക്കെയാണ് ഇന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ചെറു വിമാനം ഇറക്കുന്നത്.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു എയര്‍ സ്ട്രിപിന്റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഇവിടെ ഒരുങ്ങുന്നത്.

പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് അശ്രയമേകാനും എയര്‍ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകുമെന്നാണ് വിലയിരുത്തല്‍.

Exit mobile version