‘ഡല്‍ഹിയില്‍ നിന്നും നിരവധി പേര്‍ വിളിച്ചു’; കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാം, സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസ് നേതാവല്ലല്ലോ താനെന്ന് കെവി തോമസ്; വെട്ടിലായി കോണ്‍ഗ്രസ്, ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസ് നേതാവല്ലല്ലോ താനെന്ന് കെവി തോമസ്. തനിക്ക് മുമ്പും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ നിന്നും നിരവധി പേര്‍ വിളിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ വിളിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാം. നാളെ അഞ്ച് മണിക്കാണ് സെമിനാര്‍. കണ്ണൂരിലേക്ക് എപ്പോള്‍ പോകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ നടക്കുന്ന സിപഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനിയിരുന്നു കെവി തോമസിന് ക്ഷണമുണ്ടായിരുന്നത്. കെവി തോമസിന് പുറമെ ശശി തരൂരിനേയും ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനേയും എം ലിജുവിനേയും ക്ഷണിച്ചിരുന്നു. എം ലിജു നേരത്തെ തന്നെ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. സെമിനാര്‍ ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ആര്‍ ചന്ദ്രശേഖരന്‍ കെപിസിസി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്‍മാറിയത്. ശശി തരൂരും കെവി തോമസും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കെപിസിസി ഇതിനെതിരെ നിലപാടെടുത്തു. ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിന്നതോടെ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

എന്നാല്‍, താന്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്കല്ല സെമിനാറിലേക്കാണ് പോകുന്നതെന്ന് കാണിച്ച് കെവി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെമിനാറിലേക്കാണ് കെവി തോമസിന് ക്ഷണം. നാളെ വൈകീട്ട് അഞ്ചു മണിക്കാണ് സെമിനാര്‍. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനാവുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് പിണറായി വിജയനാണ്. കെവി തോമസിന് പുറമെ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് സെമിനാറില്‍ മറ്റൊരു മുഖ്യപ്രഭാഷകന്‍.

തങ്ങളുടെ നിരവധി പ്രവര്‍ത്തരെ അക്രമിക്കാനും കൊലപ്പെടുത്താനും നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് കാണിച്ചാണ് കെപിസിസി വിലക്ക് ഏര്‍പ്പെടുത്തിയത്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് രഹിത പ്രതിപക്ഷ മുന്നേറ്റത്തെക്കുറിച്ച് ചര്‍ച്ചയാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും അത്തരമൊരു സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്.

Exit mobile version