കെഎസ്ആര്‍ടിസിയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി: ശമ്പളം മുടങ്ങുമെന്ന് സൂചന; മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയെന്ന് ജീവനക്കാര്‍

ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് സൂചന. കഴിഞ്ഞ മാസം 10-ാം തിയതിയ്ക്ക് ശേഷമാണ് ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തത്. ശമ്പള വിതരണം വൈകുന്നതില്‍ യൂണിയനുകള്‍ക്ക് കടുത്ത അതൃപ്തിയാണുളളത്. ഇനി മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

രാജ്യത്തെ ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയെന്ന് നേരിടുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പറഞ്ഞിരുന്നു. ഇന്ധന വില വര്‍ധനവില്‍ പ്രതിവര്‍ഷം 500 കോടിയുടെ അധിക ചെലവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ചെലവ് കുറയ്ക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. അടുത്ത മാസം ശമ്പളം നല്‍കാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ട്. കെഎസ്ആര്‍ടിസിയിലെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രതികൂലമായ സാഹചര്യം. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്ക്കേണ്ടിവരുമെന്ന് മന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വിഫ്റ്റ് സര്‍വീസുകള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version