നാളെ മാധ്യമങ്ങളെ കാണും; സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിര്‍ണായക തീരുമാനം നാളെ: കെ.വി. തോമസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്കുള്ള ക്ഷണം നിഷേധിക്കാതെ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ തീരുമാനം നാളെയെന്ന് കെ.വി. തോമസ് പറഞ്ഞു. നാളെ രാവിലെ 11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. സെമിനാറില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കെ.വി. തോമസിനെ അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ എതിര്‍പ്പ് കെ.പി.സി.സി പ്രസിഡന്റ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കെ.വി. തോമസിന്റെ തീരുമാനം നിര്‍ണായകമാണ്.

കെ.വി തോമസിനെ ക്ഷണിച്ചത് സി പി എമ്മിലേയ്ക്കല്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരനായ കെ വി തോമസിനെയാണ് സി പി എം സെമിനാറിന് ക്ഷണിച്ചത്. കോണ്‍ഗ്രസിന്റെ അഭിപ്രായം പറയാനാണ് ക്ഷണം. സെമിനാറില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസ് അറിയിച്ചിട്ടില്ല. അതുകൊണ്ടാണ് സെമിനാറില്‍ വീണ്ടും പേരുവെച്ചതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കുമോയെന്ന് ഉടന്‍ അറിയാമെന്നായിരുന്നു സിപിഎം പിബി അംഗം എം.എ. ബേബിയുെട പ്രതികരണം

തീരുമാനം പറയേണ്ടത് കെ.വി. തോമസ് എന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അദ്ദേഹത്തെ വിലക്കുന്നതില്‍ കോണ്‍ഗ്രസ് അണികള്‍ക്ക് എതിര്‍പ്പുണ്ട്. സംവാദത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നുവെന്നും ഇത് പാപ്പരത്തമെന്നും എളമരം കരീം പ്രതികരിച്ചു.

Exit mobile version