കോട്ടയം: ഇനി പ്രവീൺ ഏകനാണ്. കുവൈറ്റിൽ പണിയെടുത്തു സ്വരുക്കൂട്ടിയതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയായി. കോട്ടയത്ത് കാറും ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ പ്രവീണിന്റെ ഉറ്റവരെല്ലാം വിട പറയുകയായിരുന്നു . പ്രവീണിന്റെ അച്ഛൻ തമ്പി (67), ഭാര്യ വത്സല (66), തമ്പിയുടെ മകൻ പ്രവീണിന്റെ ഭാര്യ പ്രഭ (45), മകൻ അർജുൻ (19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണു പ്രവീണിനെ തനിച്ചാക്കി വിട പറഞ്ഞത് .
മരണ വിവരമറിഞ്ഞു തിടുക്കത്തിൽ കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവീൺ ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തി. ഒന്നും അറിയാതെയാണ് പ്രവീൺ കുവൈത്തിൽ നിന്ന് വീട്ടിലേക്ക് എത്തിയത്. കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടുവെന്നും ഒരാൾ മരിച്ചുവെന്നും മാത്രമാണ് കുവൈത്തിൽ നിന്ന് തിരിക്കുമ്പോൾ പ്രവീണിനോട് പറഞ്ഞിരുന്നത്. ഇന്നലെ സന്ധ്യയ്ക്കു സ്വന്തം വീട്ടിലേക്കു തിരിച്ചെത്തിയപ്പോൾ പ്രവീണിനു സംശയം തോന്നി. ‘എന്താ പറ്റിയത് ? അമ്പാടി എവിടെ,’ ‘മോനേ പോയെടാ, എല്ലാവരും പോയി,’ എന്നായിരുന്നു കേട്ട മറുപടി.. ഒന്നും മിണ്ടാതെ അൽപ നേരംനിന്ന പ്രവീൺ കൂട്ടുകാരൻ അഭിലാഷിനോടു ചോദിച്ചു… എല്ലാവരും പോയോ ? ഞാൻ തനിച്ചായോ ? അച്ഛൻ തമ്പിയും അമ്മ വൽസലയും ഭാര്യ പ്രഭയും മകൻ അമ്പാടിയും നഷ്ടപ്പെട്ട പ്രവീണിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പി
വിൽക്കാനിരുന്നതാണ് ആ കാർ. ഇതിനായി വില പറഞ്ഞ് ഉറപ്പിച്ച് അഡ്വാൻസും വാങ്ങിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ചാലക്കുടിയിലേക്കു പോകുമ്പോഴും ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. പൊട്ടിയ ഗ്ലാസ് മാറ്റിയിട്ടാണു യാത്ര തുടർന്നത്. അമ്പാടിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. രാത്രി നേരത്തെ ഉറങ്ങുന്ന സ്വഭാവക്കാരനാണ് അമ്പാടിയെന്നും യാത്രയിൽ ഓടിക്കാൻ ഡ്രൈവറെ വയ്ക്കണമെന്നും അച്ഛൻ പ്രവീൺ പറഞ്ഞിരുന്നതായും ബന്ധുക്കൾ പറഞ്ഞു. 6 മാസം മുൻപാണു ലൈസൻസ് കിട്ടിയത്. അപകടത്തിൽ മരിച്ച പ്രഭയ്ക്കു കുവൈത്തിൽ നഴ്‌സായി വീണ്ടും ജോലി ലഭിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
മകൻ അമ്പാടിയുടെ പഠന ആവശ്യത്തിനായി പ്രഭ ജോലി ഉപേക്ഷിച്ച് നാട്ടിൽ നിൽക്കുകയായിരുന്നു. ഇതിനിടെ വീടിനു ചേർന്നുള്ള മറ്റൊരു വീടും മാസങ്ങൾക്കു മുൻപ് ഇവർ വാങ്ങി.വീടിന്റെ റജിസ്‌ട്രേഷനുൾപ്പെടെയു ആവശ്യങ്ങൾക്കായി പ്രവീൺ ഏതാനും മാസം മുൻപാണ് നാട്ടിലെത്തിയിരുന്നു.ഈ മാസം നാട്ടിലെത്തി പ്രഭയെയും കൂട്ടിയാത്ര പോകാനിരിക്കെയാണ് ദുരന്തം . കോട്ടയം മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ എട്ടോടെ തിരുവാതുക്കൽ ഗുരുമന്ദിരം റോഡിൽ വീടിനു സമീപമുള്ള മൈതാനത്തു പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുദർശനത്തിനു ശേഷം വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ സംസ്‌കരിക്കും.
കാറോടിച്ചിരുന്ന അർജുൻ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ഭാഗത്തേക്കുവന്ന കാർ തെന്നിമാറി എതിർദിശയിലുള്ള ലോറിയിൽ ഇടിച്ച് തകരുകയായിരുന്നു .