കേരളത്തില്‍ തുടര്‍ ഭരണം വലിയ ഉത്തരവാദിത്തം; ജനകീയ പ്രതിഷേധങ്ങളെ വേണ്ട വിധം ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറായില്ല; ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സിപിഐഎം റിപ്പോര്‍ട്ട്

 

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ സിപിഐഎം പൊളിറ്റ് ബ്യുറോ പരാജയപ്പെട്ടെന്ന് സംഘടനാ റിപ്പോര്‍ട്ട്. ജനകീയ പ്രതിഷേധങ്ങളെ വേണ്ട വിധം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല, ഇടതുജനാധിപത്യ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനുമായില്ലെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനം.

കേരളത്തിലെ ബദല്‍ നയങ്ങള്‍ക്കാണ് ജനങ്ങള്‍ 2021ല്‍ അംഗീകാരം നല്കിയത്. വിജയം പാര്‍ട്ടിക്ക് നല്കിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ധാര്‍ഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമബംഗാളില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാള്‍ കമ്മിറ്റിക്ക് കുറിപ്പ് നല്‍കി. പിന്നാക്ക ജാതി വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്തുള്ള തെലങ്കാന പരീക്ഷണം പിബി തള്ളി.

ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാര്‍ട്ടിക്ക് കൂടുതല്‍ ശ്രദ്ധയെന്ന് വിമര്‍ശനമുണ്ട്.അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തല്‍ നടപ്പാക്കണം. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തുന്നില്ല. വര്‍ഗ്ഗബഹുജന സംഘടനകളുടെ വിലയിരുത്തല്‍ നടക്കുന്നില്ല. ഒറ്റ സംഘടനയുടെ പോലും വിലയിരുത്തല്‍ നടത്താനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാന്‍ സമരം ഒഴിവാക്കുന്നു. പാര്‍ലമെന്ററി വ്യാമോഹവും ഇതിന് കാരണമാകുന്നു.

പാര്‍ട്ടിയും ബഹുജന സംഘടനകളും ഭരണത്തിന്റെ അനുബന്ധങ്ങളാകരുതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത ന്യൂനപക്ഷം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ബിജെപിയെ നേരിടാനാവില്ലെന്ന് വിലയിരുത്തി.

 

Exit mobile version