നൂറ്റിനാലിന്റെ നിറവിലും ഒരു മിടു മിടുക്കൻ വിദ്യാർത്ഥിയായിരിക്കുകയാണ് വിളപ്പിൽശാല സ്വദേശി ജെയിംസ്. മിടു മിടുക്കനാണെന്ന് മാത്രമല്ല, പരീക്ഷയ്ക്കൊക്കെ മുഴവൻ മാർക്കാണ് ജെയിംസ് സ്വന്തമാക്കുന്നത്. കേരള സർക്കാരിന്റെ സാക്ഷരതാ പരീക്ഷയിൽ 150 മാർക്കാണ് ജെയിംസ് സ്വന്തമാക്കിയത്.
ജെയിംസിന് പറയാനുള്ളത് ഒരു പതിറ്റാണ്ടിന് അപ്പുറമുള്ള ഓർമകളാണ്. നാലാം ക്ലാസ് വരെ മാത്രമേ പള്ളിക്കൂടത്തിൽ പോയിട്ടുള്ളൂ. എന്നാൽ അന്ന് പഠിച്ച കഥയും കവിതയും കടങ്കഥയുമെല്ലാം ഇന്നും ജെയിംസിന്റെ ഓർമയിലുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്റെ പഠന ലിഖ്‌ന അഭിയാൻ പദ്ധതിയിൽ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥികളിൽ ഒരാളാണ് ജെയിംസ്. കഴിഞ്ഞ ദിവസം നടന്ന പൊതുപരീക്ഷയിൽ ജെയിംസിന് കിട്ടിയത് തകർപ്പൻ മാർക്ക്.
പ്രായമിത്രയൊക്കെ ആയെങ്കിലും കൃത്യമായ ജീവിത ശൈലിയാണ് ജെയിംസിനുള്ളത്. അതുകൊണ്ട് തന്നെ കാര്യമായ രോഗങ്ങളൊന്നും ജെയിംസിനെ ഇതുവരെ ബാധിച്ചിട്ടില്ല. കേൾവി കുറവുണ്ടെങ്കിലും കണ്ണടയുടെ സഹായമില്ലാതെയാണ് ഇന്നും പത്രവായന.
എഴുതാനൊക്കെ നന്നായിട്ട് അറിയാം. എഞ്ചുവടിയെല്ലാം ഇന്നും മനഃപാഠമാണ്. എന്നും പത്രം വായിക്കും. പത്ര വായനയാണ് ഹോബി. ഒരു ദിവസം പത്രം വായിച്ചില്ലെങ്കിൽ പപ്പയ്ക്ക് ഭയങ്കര വിഷമമാണെന്ന് മകൾ പറയുന്നു. വിളപ്പിൽശാല നെടുങ്കുഴിയിലെ വീട്ടിൽ അഞ്ചുപെൺമക്കളുടെയും 10 ചെറുമക്കളുടെയും അവരുടെ 8 മക്കളുടെയുമെല്ലാം കരണവരാണ് ജെയിംസ്.
