മാലമോഷണക്കേസിൽ ജയിലിൽ 47 ദിവസം; ഒടുവിൽ നിരപരാധി : നാട്ടുകാർക്കുമുൻപിൽ കള്ളനാകേണ്ടി വന്നതോടെ ജോലിയും കിടപ്പാടവും നഷ്ടമായ രമേശ് കുമാറിന്റെ കഥ ഇങ്ങനെ

മാവേലിക്കര: മാലമോഷണക്കേസിൽ അറസ്റ്റിലായ രമേശ്കുമാറിന് ജയിലിൽ കഴിയേണ്ടിവന്നത് 47 ദിവസം. ഒടുവിൽ രമേശ് കുമാർ നിരപരാധിയാണെന്ന് കുറ്റം ചെയ്തയാൾ ഏറ്റു പറഞ്ഞു.  . കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമർദനത്തിന്റെയും നാട്ടുകാർക്കുമുൻപിൽ കള്ളനാകേണ്ടിവന്നതിന്റെ വേദനയുമായാണ്ചെ ട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കൽ ജി.രമേശ്കുമാർ (59) ജീവിതം തള്ളി നീക്കുന്നത്.

അയൽവാസിയായ പുളിമൂട്ടിൽ കാർത്ത്യായനിയുടെ മാലപൊട്ടിച്ച കേസിലാണ് രമേശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, മാലപൊട്ടിച്ചത് താനാണെന്ന് മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ കായംകുളം മേനാമ്പള്ളി സ്വദേശി നിധിൻ (32) കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞു. അപ്പോഴേക്കും രമേശ് കുമാർ കടന്ന് പോയത് ക്രൂര മർദ്ദനത്തിനും നാണക്കേടിനും ഇടയിലൂടെ. ഒടുവിൽ വീട്ടുകാരും കയ്യൊഴിഞ്ഞു. വീടും ജോലിയും നഷ്ടപ്പെട്ട് കടത്തിണ്ണയിലായിരിക്കുകയാണ് ഇയാൾ.

നവംബർ 12-ന് പുലർച്ചേയായിരുന്നു സംഭവം. മാലപൊട്ടിച്ച ആൾ രമേശ്കുമാറിന്റെ വീട്ടിലേക്ക് ഓടിക്കയറിയെന്ന കാർത്ത്യായനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ് കുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടത്. 47 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. ജയിൽ ശിക്ഷ കഴിഞ്ഞ് വന്നപ്പോഴേക്കും കായംകുളം ചെറിയ പത്തിയൂരിലെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവർ ജോലിയും പോയി. മോഷണക്കേസിലെ പ്രതിയായതിനാൽ ജാമ്യത്തിലറങ്ങിയിട്ടും ആരും സഹകരിച്ചില്ല.

തന്റെ പേരിൽ നാളിതുവരെ ഒരു പെറ്റിക്കേസുപോലുമുണ്ടായിട്ടില്ലെന്ന് രമേശ് കുമാർ പറയുന്നു. മാലപൊട്ടിച്ച ആൾ കുറ്റം ഏറ്റുപറഞ്ഞെങ്കിലും രമേശ് കുമാറിനെതിരേ മൊഴിയുണ്ടെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു.

‘കസ്റ്റഡിയിലെടുത്തശേഷം മാവേലിക്കര പൊലീസ് ക്രൂരമായി മർദിച്ചു. മർദിച്ചത് കോടതിയിൽ പറഞ്ഞാൽ കസ്റ്റഡിയിൽ വാങ്ങുമ്പോൾ കാണിച്ചുതരുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തി. ഇതിനാൽ മജിസ്ട്രേറ്റ് ചോദിച്ചപ്പോൾ ദേഹോപദ്രവം ഉണ്ടായില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി, ഡി.ജി.പി., പൊലീസ് കംപ്ലയിന്റ് അഥോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ എന്നിവരെ സമീപിച്ച് എനിക്കുനേരിടേണ്ടിവന്നിരിക്കുന്ന ദുരന്തത്തെപ്പറ്റി അറിയിക്കും’ -രമേശ്കുമാർ പറഞ്ഞു. എന്നാൽ, തന്റെ മാല പൊട്ടിച്ചത് ഇപ്പോൾ അറസ്റ്റിലായ ആളല്ലെന്ന് കാർത്ത്യായനി പറയുന്നു.

Exit mobile version