തിരുവനന്തപുരം: നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കാനുളള കേന്ദ്രത്തിന്റെ കരട് വിഞ്ജാപനത്തിനെതിരെ അമ്പൂരി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രന്റെ നേതൃത്വത്തിലുളള അമ്പൂരി ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലിന് കോണ്‍ഗ്രസും പിന്തുണ നല്‍കുന്നുണ്ട്.
ജനവാസ പ്രദേശങ്ങള്‍ സംരക്ഷിത മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപെട്ടാണ് ഹര്‍ത്താല്‍. അമ്പൂരി പഞ്ചായത്തിന്റെ ഒന്‍പത് വാര്‍ഡുകളാണ് നിര്‍ദ്ദിഷ്ട മേഖലയിലുള്ളത്. പഞ്ചായത്തിന്റെ ഭൂരിഭാഗം ജനവാസ മേഖലയും ഇതില്‍ ഉള്‍പ്പെടുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്ന ആരോപണം.
കഴിഞ്ഞ 25നാണ് പേപ്പാറ, നെയ്യാര്‍ സങ്കേതങ്ങളുടെ ചുറ്റളവില്‍ 2.72 കിലോമീറ്റര്‍ വരെയുള്ള പ്രദേശം സംരക്ഷിത വനമേഖലയായി നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം പുറത്തിറക്കിയത്. പഞ്ചായത്തുകളുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വനം മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വെള്ളിയാഴ്ച ചേരും.
ജൈവവൈവിധ്യം, വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ സാന്നിധ്യം, മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തുടങ്ങി വിവിധ കാരണങ്ങളാണ് പേപ്പാറ, നെയ്യാര്‍ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കാനുളള കേന്ദ്ര തീരുമാനത്തിന്റെ പിന്നില്‍.
സങ്കേതങ്ങളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് 2.72 കിലോമീറ്റര്‍, വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് 2.39 കിലോമീറ്റര്‍, തെക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് 1.16 കിലോമീറ്റര്‍, തെക്ക് ഭാഗത്ത് 0.22 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിര്‍ദ്ദിഷ്ട സംരക്ഷിത മേഖല. സംരക്ഷിത മേഖലയില്‍ ഖനനവും പാറമടകളും വന്‍കിട വ്യവസായങ്ങളും അനുവദിക്കില്ല.
