നടിയെ ആക്രമിച്ച കേസിലെ നാലാംപ്രതി വിജീഷിന് ജാമ്യം; പൊലീസ് പീഡനം ആരോപിച്ചുള്ള സാക്ഷി സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജി കോടതി തള്ളി

 

നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷ് ഹര്‍ജിയില്‍ വാദിച്ചത്. കേസില്‍ മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച സംഘത്തില്‍ പള്‍സര്‍ സുനിക്കൊപ്പം വിജീഷും വാഹനത്തില്‍ ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.

അതേസമയം പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു സാഗര്‍ വിന്‍സന്റ് ഹര്‍ജി നല്‍കിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടിസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‍സന്റ്. ബൈജു പൗലോസ് തന്നെ ഉപദ്രവിക്കും എന്ന് ആശങ്കയുണ്ടെന്ന് ഹര്‍ജിയില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു. തെറ്റായി മൊഴി നല്‍കാന്‍ ബൈജു പൗലോസിന്റെ ഭാഗത്തു നിന്നും സമ്മര്‍ദമുണ്ടെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version