കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ബിജെപി പദയാത്രയ്ക്കിടെ ബിജെപിയെ വെട്ടിലാക്കി വീട്ടമ്മ. സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി വിട്ടു നല്‍കാന്‍ തയാറാണെന്ന് വീട്ടമ്മ നിലപാടെടുത്തു. കഴക്കൂട്ടത്ത് ഭവന സന്ദര്‍ശനത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. പദ്ധതിയോട് അനുകൂല നിലപാടറിയിച്ചതിന് പിന്നാലെ പിണറായി വിജയന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു കുടുംബം.
‘ഞങ്ങളുടെ സ്ഥലമാണ്. ഞങ്ങള്‍ വിട്ടുകൊടുക്കും. ജനനായകന്‍ പിണറായി വിജയന് (മുദ്രാവാക്യം വിളി). സര്‍ക്കാരിനോടൊപ്പം. സാര്‍ ഒന്നും പറയേണ്ട. ഞങ്ങള്‍ സര്‍ക്കാരിനോടൊപ്പമാണ്. ഇപ്പോഴല്ലേ ഞാന്‍ സഹോദരി ആയത് ഞങ്ങള്‍ക്ക് സന്തോഷമാണ്. നാളത്തെ തലമുറയ്ക്ക് വേണ്ടിയാണിത്. നിങ്ങള്‍ എതിര്‍ത്താലും ഞങ്ങള്‍ നടപ്പിലാക്കും. രണ്ട് പെണ്‍മക്കളുള്ള അമ്മയാണ് ഞാന്‍.’
ഇന്ന് രാവിലെയാണ് കഴക്കൂട്ടത്ത് കാല്‍നടയായി വീടുകയറി പ്രചാരണത്തിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചത്. രണ്ടാമത്തെ വീടായാണ് കഴക്കൂട്ടം സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ വീട്ടില്‍ വി മുരളീധരന്‍ സില്‍വര്‍ലൈന്‍ വിരുദ്ധ പ്രചാരണവുമായി എത്തിയത്. കവിതയോട് സില്‍വര്‍ലൈനിനെതിരായ കാര്യങ്ങള്‍ പറയാന്‍ കേന്ദ്രമന്ത്രി ശ്രമിച്ചുവെങ്കിലും കവിത ശക്തമായി തന്നെ പ്രതിരോധിച്ചു.
