ഇന്ധനവില കൂട്ടി; കൊച്ചിയില്‍ ഡീസല്‍ വില നൂറിനരികെ; 10 ദിവസത്തിനിടെ വര്‍ധിച്ചത് 7 രൂപയിലധികം

 

രാജ്യത്ത് ഇന്ധനവില കത്തിക്കയറുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെട്രോളിന് 112 രൂപ 15 പൈസയും ഡിസലിന് 99 രൂപ 13 പൈസയുമായി. പുതിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

മാര്‍ച്ച് 22 ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. പത്ത് ദിവസത്തിനുള്ളില്‍ പെട്രോളിന് 7 രൂപ 85 പൈസയും ഡീസലിന് 7 രൂപ 58 പൈസയുമാണ് കൂടിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും ഉയരുകയാണ്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഇന്ധന വില വര്‍ധനവ് തുടര്‍ച്ചയായി വര്‍ധിക്കുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുന്‍പ് പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ റഷ്യയുക്രൈന്‍ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

 

Exit mobile version