മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം; മരുന്നുകള്‍ക്ക് വില കൂടും, പാരാസെറ്റമോളിന് 1.01 രൂപയാകും

 

പുതിയ സാമ്പത്തിക വര്‍ഷത്തിന് ഇന്ന് തുടക്കം. നിത്യജീവിതത്തെ ബാധിക്കുന്ന അനേകം മാറ്റങ്ങളോടെയാണ് പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ രക്ഷയ്ക്കുള്ളത് ഉള്‍പ്പെടെ 872 മരുന്നുകളുടെ വിലയാണ് ഇന്നു മുതല്‍ വര്‍ദ്ധിക്കുന്നത്.

10.76% വരെയുള്ള റെക്കോര്‍ഡ് വില വര്‍ധനയാണ് നിലവില്‍ വരുന്നത്. പാരസെറ്റമോള്‍ ഇനി ഒന്നിന് (500 മില്ലിഗ്രാം) 0.91 രൂപയെന്നത് 1.01 രൂപ വരെയാകും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണ് ചില്ലറ വില്‍പനയ്ക്കുള്ള വിലയും നിര്‍ണയിക്കുന്നത്. പക്ഷെ നേരത്തെ മൊത്തവില നാലു ശതമാനംവരെ കൂടിയപ്പോഴും ചില്ലറ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ പത്തു ശതമാനത്തിലധികമുള്ള വര്‍ധന ചില്ലറവിലയിലും പ്രതിഫലിക്കും.

പനി, ഇന്‍ഫക്ഷനുകള്‍, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ത്വക് രോഗങ്ങള്‍, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ഉയര്‍ന്നത്. കൂടാതെ ഫിനോര്‍ബാര്‍ബിറ്റോണ്‍, ഫിനൈറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, ഫോളിക് ആസിഡ് എന്നിവയും വിലകൂടുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.

കൂടാതെ പിഎഫ് ജീവനക്കാരുടെ വിഹിതമായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് ഈ സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതി ബാധകമായിരിക്കും. മാത്രമല്ല ഇവര്‍ക്ക് പിഎഫ് അക്കൗണ്ടിന് കീഴില്‍ രണ്ട് അക്കൗണ്ടുകള്‍ വേണമെന്ന നിബന്ധന ഇന്ന് നിലവില്‍ വരും.

75 വയസ് കഴിഞ്ഞവര്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയലിങ് ഒഴിവാക്കാനുള്ള തീരുമാനം ഈ സാമ്പത്തിക വര്‍ഷം നടപ്പാകും. വസ്തു വില്‍ക്കുമ്പോള്‍ മുദ്ര വില/ പ്രതിഫലത്തുക 50 ലക്ഷം രൂപയില്‍ കൂടിയാല്‍ അധികത്തുകയുടെ ഒരുശതമാനം നികുതി സ്രോതസ്സില്‍ പിടിക്കും.

 

Exit mobile version