ന്യൂഡൽഹി: കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നുള്ള മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 324 ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്നു ഡൽഹിയിലെത്തി. ഇവർക്കായി നിശ്ചയിച്ചിട്ടുള്ള 14 ദിവസത്തെ നിരീക്ഷണ കാലയളവിൽ താമസിക്കുന്നതിനായി ഡൽഹിക്കടുത്ത് ഹരിയാനയിലെ മനേസറിൽ കരസേന പ്രത്യേക ക്യാന്പ് സജ്ജീകരിച്ചു.
മുന്നൂറ്റന്പതോളം പേർക്ക് താമസിക്കാവുന്നതും ഡോക്ടർമാരടക്കം വിദഗ്ധരുടെ സേവനമുള്ളതുമായ ക്യാന്പുകളാണിത്. വിദ്യാർഥികൾക്കു പുറമേ ചൈനയിൽനിന്നെത്തുന്ന മറ്റ് ഇന്ത്യക്കാരായ കുടുംബങ്ങൾക്കു താമസിക്കാൻ തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ ചാവ്ലയിൽ 600 പേർക്ക് താമസിക്കാവുന്ന പ്രത്യേക ക്യാന്പ് ഇന്തോ-ടിബറ്റൻ പോലീസും തയാറാക്കിയിട്ടുണ്ട്. ഇവിടെ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക സജ്ജീകരണങ്ങളുമുണ്ട്.
ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽനിന്നുള്ള അഞ്ചു ഡോക്ടർമാരും കേരളത്തിൽ നിപ്പ വൈറസ് ബാധ കൈകാര്യം ചെയ്തു പരിചയമുള്ള രണ്ടു മലയാളി നഴ്സുമാരും എയർ ഇന്ത്യ പാരാമെഡിക്കൽ സംഘവുമാണു വിമാനത്തിലുള്ളത്.
മനേസറിലെ ക്യാന്പിൽ കഴിയുന്നതിനിടയ്ക്ക് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കന്റോണ്മെന്റിലെ ആർമി ബേസ് ആശുപത്രിയിലേക്കു മാറ്റും. പിന്നീട് രണ്ടു തവണ സാന്പിൾ പരിശോധനയിൽ നെഗറ്റീവ് ഫലം കണ്ടെത്തിയാൽ മാത്രമേ ഇവരെ ആശുപത്രി വിടാൻ അനുവദിക്കൂ.
ക്യാന്പിൽ കഴിയുന്നവരെല്ലാം തന്നെ മൂന്നു പാളികളുള്ള മാസ്ക് ധരിക്കണം. ഇവർക്ക് പ്രതിദിന വൈദ്യപരിശോധന ഉണ്ടായിരിക്കും. 14 ദിവസത്തിനുശേഷം രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചില്ല എങ്കിൽ ഇവരെ സ്വന്തം വീടുകളിലേക്ക് വിടും. വീടുകളിൽ എത്തിയാലും അതതു സംസ്ഥാനങ്ങളിൽ ജില്ലാ ആരോഗ്യ കേന്ദ്രങ്ങളുടെ നിരീക്ഷണത്തിലായിരിക്കും.