ആദ്യ മണിക്കൂറുകളില്‍ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്. കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യ വല്‍ക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ പണിമുടക്ക് വലിയ രീതിയില്‍ ബാധിച്ചെങ്കിലും മുംബൈ, ദില്ലി, ചൈന്നൈ ഉള്‍പ്പെടെ മഹാനഗരങ്ങള്‍ ജനജീവിതം സാധാരണ നിലയിലാണ്.
വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലേയും, മോട്ടോര്‍ വാഹന മേഖലയിലേയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ കേരളത്തിലെ ജനജീവിതവും സ്തംഭിച്ചു. പാല്‍, പത്രം, ആശുപത്രി, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മത്സ്യമേഖലയെ ഇന്നത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഡീസല്‍ വില വര്‍ധന ഉള്‍പ്പെടെ ഉള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞയാഴ്ച മല്‍സ്യ തൊഴിലാളികള്‍ രണ്ട് ദിവസം പണിമുടക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മല്‍സ്യ മേഖലയില്‍ ഇന്നത്തെ പണിമുടക്ക് ശക്തമായി നടപ്പാക്കേണ്ടതില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചത്.
അതേസമയം, പണിമുടക്ക് ഇത്തവണയും മുംബൈ നഗരത്തെ കാര്യമായി ബാധിച്ചില്ല. മുംബൈയില്‍ പൊതുഗതാഗതവും ഓട്ടോ ടാക്‌സി സര്‍വീസും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു.
29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക്. എല്‍ഐസി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിലുയര്‍ത്തുന്ന പ്രധാന പ്രതിഷേധം. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.
അവശ്യപ്രതിരോധസേവനനിയമം പിന്‍വലിക്കുക, കൊവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തും പണിമുടക്ക് ജനജീവിത്തെ സാരമായി ബാധിച്ചേക്കും. 22 തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കില്‍ പങ്കെടുക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ വാഹന ഗതാഗതവും പണിമുടക്കില്‍ സ്തംഭിച്ചു. പണിമുടക്കിന് മുന്നോടിയായി റേഷന്‍ കടകളും സഹകരണ ബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു.
സംസ്ഥാനത്ത് ബസ് ഗതാഗതവും സ്തംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ബസ് സമരം പിന്‍വലിച്ചിരുന്നുവെങ്കിലും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബസ് ഉടമകള്‍ ഇന്നലെ അറിയിച്ചിരുന്നു. പല സ്വകാര്യബസ്സുകളും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം സര്‍വീസ് നടത്തിയെങ്കിലും അര്‍ദ്ധരാത്രിയോടെ സര്‍വീസ് അവസാനിപ്പിച്ചു. ഇതോടെ ബുധനാഴ്ചയോടെ മാത്രമേ സംസ്ഥാനത്ത് ബസ് ഗതാഗതം സാധാരണനിലയിലാകൂ. സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി സര്‍വീസുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
