ബിപിസിഎല്‍ തൊഴിലാളികളുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി; ഭാരത് പെട്രോളിയത്തിന്റെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി

 

ബിപിസിഎല്‍ തൊഴിലാളികളുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ അഞ്ച് യൂണിയനുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭാരത് പെട്രോളിയം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം നല്‍കിയത്. ഭാരത് പെട്രോളിയത്തിന്റെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി അറിയിച്ചു.

ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് പണി മുടക്കാന്‍ തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തൊഴിലാളികള്‍ പണി മുടക്കിയാല്‍ പ്രധാന മേഖലകളിലേക്കുള്ള ഇന്ധന വിതരണം പ്രയാസമാകുമെന്ന വാദമാണ് ഭാരത് പെട്രോളിയം കോടതിക്കു മുന്നില്‍ പ്രധാനമായും വച്ചത്. ഹര്‍ജിക്കാരുടെ ആശങ്ക കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജസ്റ്റിസ് അമിത് പി റാവല്‍ അറിയിക്കുകയായിരകുന്നു.

ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയോ തിങ്കളാഴ്ചയോ പരിഗണിച്ചേക്കും.

 

Exit mobile version