തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ സമരം കടുത്തതോടെ സംസ്ഥാനത്ത് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വേ നടത്തില്ലെന്ന് കല്ലിടല്‍ ഏറ്റെടുത്ത ഏജന്‍സി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം ശക്തമായതിനാല്‍ മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് ഏജന്‍സി കെ റെയിലിനെ അറിയിച്ചു.
പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കല്ലിടലിന് കരാര്‍ ഏറ്റെടുത്ത ഏജന്‍സി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും സര്‍വേ ഉപകരണങ്ങള്‍ക്കും കേട് പാടുകള്‍ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍വേ തുടരാന്‍ ബുദ്ധിമുട്ടാണെന്നും ഏജന്‍സി വ്യക്തമാക്കി.
എറണാകുളത്ത് സര്‍വേ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാനും കല്ലിടുന്നതിനുളള ഉപകരണങ്ങള്‍ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സര്‍വേ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും ഏജന്‍സി പറഞ്ഞു. അടുത്ത മാസം പത്ത് വരെ സര്‍വേ നടപടി നിര്‍ത്തിവെക്കാന്‍ സിപിഐഎം നേതാക്കള്‍ കെ റെയില്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, സംസ്ഥാനമൊട്ടാകെ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു എന്ന വാര്‍ത്ത കെആര്‍ഡിസി നിഷേധിച്ചു. സര്‍വേ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടില്ല. ജില്ലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍വേ നിര്‍ത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പ്രതിഷേധം കാരണം സര്‍വ്വേ നടപടികള്‍ മുടങ്ങിയതാണെന്നാണ് കെആര്‍ഡിസി നല്‍കുന്ന വിശദീകരണം.
