സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപത. അധികാരവും ശക്തിയും ഉപയോഗിച്ച് സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ റെയിലില്‍ പദ്ധതിയുടെ ഇരകളെ സമുദായിക രംഗത്തുളള ആരെങ്കിലും സന്ദര്‍ശിച്ചാല്‍ അതിനെ രാഷ്ട്രീയവത്കരിക്കുന്നു. കെ റെയിലിന്റെ തണലിലും രാഷ്ട്രീയ ലാഭം കൊയ്യാനാണ് അത്തരക്കാരുടെ ശ്രമം. ‘ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ്’ എന്ന തലക്കെട്ടോടു കൂടി ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ വിമര്‍ശനം.
ബലപ്രയോഗത്തിലൂടെ നിശ്ശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുത്. പദ്ധതി മൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിശദീകരിക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഇതൊന്നും ഗൗനിക്കാതെയാണ് മുന്നോട്ട് പോകുന്നത്. മതസമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ടോ എന്ന സംശയവുമുണ്ടെന്നും ബിഷപ്പ് ലേഖനത്തില്‍ പറയുന്നു.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ 63,000 കോടി രൂപയുടെ ചെലവുണ്ടെന്നാണ് കേരളത്തിന്റെ കണക്ക്. എന്നാല്‍ ഇത് ശരിയല്ല. റെയില്‍വേ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഒരു ലക്ഷം കോടിക്ക് മേല്‍ പദ്ധതിക്ക് ചെലവാക്കേണ്ടി വരും.
എല്ലാം വശവും പരിശോധിച്ച് കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ലൊരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കുമെന്നും അതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും കേരളത്തിലെ എംപിമാരോട് റെയില്‍വേ മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. വലിയ ജനകീയ പ്രക്ഷോഭങ്ങളും പദ്ധതിക്കെതിരെ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നന്നായി ആലോചിച്ചു വേണം ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് പോകാനെന്നും അദ്ദേഹം വ്യക്തമാക്കി.
