ആലപ്പുഴ : ആലപ്പുഴ നഗരത്തിലെത്തുന്നവരുടെ മുന്നിൽ നെഞ്ചോട് ചേർത്ത് അടുക്കിയ പപ്പടവുമായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി. തിരുനെൽവേലി അന്ന യൂണിവേഴ്സിറ്റി പിഎസ്എൻ കോളജ് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിൽ ബി ടെക് വിദ്യാർത്ഥിയായ സഫീക്ക് എന്ന ഈ യുവാവ് പപ്പടം വിൽക്കുന്നത് പഠനത്തിനുള്ള പണം കണ്ടെത്താനാണ്. മുല്ലയ്ക്കൽ തെരുവിൽ കഴിഞ്ഞ മൂന്ന് വർഷമായി സഫീക്ക് പപ്പടം വിൽപനയുമായി സജീവമാണ്.
പഠനത്തിനുള്ള ചെലവ് സ്വന്തമായി കണ്ടെത്തണമെന്ന ആഗ്രഹത്തോടെയാണ് സഫീക്ക് പപ്പടവുമായി കച്ചവട രംഗത്തെത്തിയത്. ആദ്യം പതിമുഖ കച്ചവടത്തിലായിരുന്നു തുടക്കം. പിന്നീട് ഗ്യാസ് ലൈറ്റർ പോലെയുള്ള ഉപകരണത്തിലേക്കു തിരിഞ്ഞു. പഠനത്തിന് കൂടുതൽ പണം ആവശ്യമായി വന്ന ഘട്ടത്തിൽ അൽപം കൂടി വരുമാനമുള്ള മാർഗം എന്ന നിലയ്ക്കാണ് പപ്പട കച്ചവടത്തിലേക്ക് തിരിഞ്ഞത്.
മുല്ലക്കൽ തെരുവിൽ പപ്പട വിൽപനയുമായെത്തിയ ആദ്യ ഘട്ടത്തിൽ കോരിച്ചൊരിയുന്ന മഴയെത്തുടർന്ന് പപ്പടം നനഞ്ഞ് കച്ചവടം നഷ്ടത്തിലായി.
ഇതോടെ സമീപത്തെ പച്ചക്കറി കച്ചവടക്കാരനായ സെയ്ഫ് തന്റെ കടയ്ക്കു സമീപത്തു നിന്ന് കച്ചവടം നടത്താൻ അനുവദിച്ചു. ഇതോടെ പച്ചക്കറി വാങ്ങാനെത്തുന്നവർ സഫീക്കിൽ നിന്ന് പപ്പടം വാങ്ങുന്നത് സ്ഥിരമാക്കി. നിത്യേന 400 മുതൽ 600 രൂപയുടെ വരെ കച്ചവടം നടക്കാറുണ്ട്.
തുഛമായ ലാഭമാണ് ലഭിക്കുന്നതെങ്കിലും നല്ല സാധനം ലഭ്യമാക്കാൻ സഫീക്ക് ശ്രദ്ധിക്കാറുള്ളതിനാൽ ആർക്കും പരാതിയുമില്ല. കോഴ്സ് പൂർത്തിയാക്കി ജോലി സന്പാദിച്ച് വീട്ടുകാർക്ക് ആശ്രയമാകണമെന്ന ലക്ഷ്യമാണ് സഫീക്കിനുള്ളത്. എഞ്ചിനീയറിംഗ് പഠനം പപ്പട വിൽപ്പനയുടെ പൂർത്തിയാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ഇത് അധ്വാനത്തിന്റെ വിജയം