നിശ്ശബ്ദയായ കോടതി മുറിയിൽ ഭർത്താവിനൊപ്പം എത്തി പീഡിപ്പിച്ചവർക്കെതിരെ മൊഴി കൊടുത്തു .  ദിലീപിനുവേണ്ടി എത്തിയത് 13 അംഗ വക്കീൽ സംഘം. പ്രതികൾക്കായി അഭിഭാഷക പട എത്തുന്നതിലും കോടതിക്ക് അതൃപ്തി;

കൊച്ചി: നിശ്ശബ്ദയായ കോടതി മുറിയിൽ ഭർത്താവിനൊപ്പം എത്തി പീഡിപ്പിച്ചവർക്കെതിരെ മൊഴി കൊടുത്തു നടി.  നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈൽ ഫോണുകൾ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.

രാവിലെ 10നു  ഒന്നാം സാക്ഷിയായ നടി കോടതി പരിസരത്തെത്തി. ഭർത്താവുമൊന്നിച്ചു കാറിലെത്തിയ നടി കോടതി അങ്കണത്തിലെ  മുറിയിൽ കാത്തിരുന്നു. എട്ടാം പ്രതിയായ നടൻ ദിലീപ് 10.55 നാണ് എത്തിയത്.  നടിയുടെ വെളിപ്പെടുത്തലുകൾ കേട്ടു കോടതി നിശബ്ദമായി. താൻ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാൻ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വർഗീസ് മുമ്പാകെ നടി വിവരിച്ചത്.

നടൻ ദിലീപ്, മുഖ്യപ്രതി പൾസർ സുനി  എന്നിവരുൾപ്പെടെ എല്ലാ പ്രതികളും വ്യാഴാഴ്ച കോടതിയിൽ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് വ്യാഴാഴ്ച നടന്നത്. ഇവരുെട സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി അടച്ചിട്ട മുറിയിലായിരുന്നു സാക്ഷിവിസ്താരം. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവർ. പൾസർ സുനിയ്‌ക്കെതിരെ അതിശക്തമായ നിലപാടാണ് നടി എടുത്തത്. 2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വനിതാ ഇൻസ്‌പെക്ടർ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു.

വനിതാ ജഡ്ജി ഹണി എം. വർഗീസാണ് സാക്ഷിവിസ്താരം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിർവിസ്താരം നടക്കും. മണികണ്ഠൻ, വിജീഷ്, സലീം, ചാർലി , വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികൾ. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശമുണ്ട്. ആദ്യഘട്ടവിസ്താരം ഏപ്രിൽ ഏഴുവരെ തുടരും. 136 സാക്ഷികളെ വിസ്തരിക്കും. കുറ്റപത്രത്തിനൊപ്പം മൊത്തം 359 പേരുടെ സാക്ഷിപ്പട്ടിക സമർപ്പിച്ചിട്ടുണ്ട്. 161 രേഖകളും 250 തൊണ്ടിമുതലുകളുമുണ്ട്.

നടിയെ ആക്രമിച്ചു പകർത്തിയ  ദൃശ്യങ്ങൾ പരിശോധിക്കേണ്ടതിനാൽ ഇന്ന് അഭിഭാഷകരുടെ ആധിക്യം കോടതി നിയന്ത്രിച്ചേക്കും. പൊലീസിനെ കൂടാതെ ബോംബ് സ്‌ക്വാഡിനെ നിയോഗിക്കും. കോടതി മുറിക്കു പുറത്തു മെറ്റൽ ഡിറ്റക്ടറും സ്ഥാപിക്കും.

കേസിൽ ദിലീപിനുവേണ്ടി കോടതിയിൽ ഹാജരായത് 13 അഭിഭാഷകർ. പത്തുപ്രതികൾക്കുവേണ്ടി ആകെ 31 അഭിഭാഷകർ കോടതിയിലെത്തി. അതേസമയം, പ്രതിഭാഗം അഭിഭാഷകരുടെ ബാഹുല്യത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ തീർപ്പുവരുന്നതുവരെ വിചാരണ നടത്തരുതെന്ന് ഇന്നലേയും ദിലീപ് ആവശ്യപ്പൈട്ടങ്കിലും കോടതി അനുവദിച്ചില്ല.

Exit mobile version