സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം. കല്ലുകള്‍ വ്യാപകമായി പിഴുതെറിഞ്ഞ ചോറ്റാനിക്കരയിലെ സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ ജനങ്ങളും സമര സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് തടയുന്നു. അനൂപ് ജേക്കബ് എം.എല്‍.എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സര്‍വേ സംഘം സ്ഥലത്തെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും ശക്തമായ സമരമാണ് ചോറ്റാനിക്കരയില്‍ തുടരുന്നത്.
സില്‍വര്‍ ലൈന്‍ പ്രതിഷേധത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാന്‍. പ്രാദേശിക, ജില്ലാ ഭരണ കൂടങ്ങളുമായി സഹകരിച്ച് ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കണമെന്നാണ് നിര്‍ദേശം.
കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സില്‍വര്‍ ലൈനിനെതിരെ നാട്ടുകാര്‍ സംഘടിച്ച് രംഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കായി ഉദ്യോഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.പി.പി.സി അദ്ധ്യക്ഷന്‍ കെ. സുധാകരനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇവിടം സന്ദര്‍ശിച്ചിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂഗര്‍ഭ പാത കടന്നു പോകുന്ന പ്രദേശമാണിവിടം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശ വാസികള്‍. മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിലും സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.
