സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് നേതാക്കളെ വിലക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സെമിനാറില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം നല്‍കിയതായതായും അദ്ദേഹം അറിയിച്ചു.
കെ റെയില്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിപിഐഎം ക്ഷണിച്ചിട്ടുള്ള നേതാക്കള്‍ക്ക് വ്യക്തപരമായി കെപിസിസി നിര്‍ദേശം നല്‍കും. ശശി തരൂരിനും കെ.വി. തോമസിനുമാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണം ലഭിച്ചത്. ശശി തരൂരും കെ.വി. തോമസും പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രാസംഗികരാണ്.
അടുത്തമാസം ഒന്‍പതിനായിരുന്നു സെമിനാര്‍. കെ റെയില്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുമ്പോള്‍ സാമന്തരായി യുഡിഎഫ് മറ്റൊരു പാതയില്‍ സഹകരണം ഏറ്റെടുക്കുന്നത് ശരിയല്ല എന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം കെപിസിസിയുടെ ഭാഗത്ത് നിന്നും നിര്‍ദേശിച്ചത്.