ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍; ജനകീയ സമര സമിതി നടത്തുന്ന ഹര്‍ത്താലിന് യുഡിഎഫ്, ബിജെപി, എസ്‌യുസിഐ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ

 

കോട്ടയം ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താല്‍. ഇന്നലെ മാടപ്പള്ളിയില്‍ കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. ജനകീയ സമര സമിതി നടത്തുന്ന ഹര്‍ത്താലിന് യുഡിഎഫ്, ബിജെപി, എസ്‌യുസിഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയുണ്ട്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് സമര സമിതി അറിയിച്ചു.

മാടപ്പള്ളിയില്‍ ഇന്നലെയുണ്ടായത് അസാധാരണ സംഭവങ്ങളാണ്. ഇന്നലെ പത്തരയോടെയായിരുന്നു ആദ്യ നീക്കം. മാടപ്പള്ളിയിലെ പത്താം വാര്‍ഡിലേക്ക് എത്തിയ കെ റെയിലിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ കെ റെയില്‍ ജീവനക്കാര്‍ മടങ്ങി.

എന്നാല്‍ രണ്ടാമത്തെ ശ്രമം പൊലീസിന്റെ ഒത്താശയോടെയായിരുന്നു. ഒരു മണിയോടെ കല്ലിടാന്‍ കെ റെയില്‍ ജീവനക്കാര്‍ വീണ്ടുമെത്തി. പക്ഷേ ഒറ്റക്കെട്ടായി സമരക്കാരും നാട്ടുകാരും അണിനിരന്നതോടെ പൊലീസ് അറസ്റ്റിലേക്ക് കടന്നു.

കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, വി ജെ ലാലി എന്നിവര്‍ക്കും പൊലീസ് നടപടിയില്‍ പരിക്കേറ്റു . ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാടപ്പള്ളിയിലെ ആദ്യത്തെ കല്ല് കെ റെയില്‍ ജീവനക്കാര്‍ സ്ഥാപിക്കാന്‍ സാധിച്ചത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

 

Exit mobile version