വധ ഗൂഢാലോചനകേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. അതേസമയം വധ ഗൂഢാലോചന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി തള്ളി. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും കേസന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു വിധി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കെ.ഹരിപാല്‍ പിന്‍മാറിയത്. മെയ് ആദ്യവാരം വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഹരിപാല്‍ കേസില്‍ നിന്ന് പിന്‍മാറിയത്. രാവിലെ ആദ്യം കേസ് പരിഗണിച്ച കോടതി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം നിരസിച്ചിരുന്നു.
വിശദമായി വാദം കേള്‍ക്കുന്നതിന് ഈ മാസം 28ലേക്ക് കേസ് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അല്‍പസമയത്തിന് ശേഷം മറ്റൊരു ദിവസത്തേക്ക് വാദം കേള്‍ക്കല്‍ മാറ്റണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോഴാണ് കേസില്‍ നിന്ന് പിന്‍മാറുന്നതായി അദ്ദേഹം അറിയിച്ചത്.
കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന ദിലീപിന്റെ വാദം കണക്കിലെടുത്ത് അടുത്തയാഴ്ച മറ്റൊരു ബഞ്ച് പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തു.
ഇതിനിടെ വധഗൂഢാലോചനാ കേസില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കര്‍ ആരോപിച്ചിരുന്നു. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
