ഡീസല്‍ വില കുത്തനെ കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിയില്‍ നടുവൊടിഞ്ഞ കെ.എസ്.ആര്‍.ടി.സിക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി ധനവകുപ്പിന്റെ ഇരട്ടി പ്രഹരം. പ്രതിമാസം നല്‍കിവന്ന 50 കോടി 30 കോടിയായി വെട്ടിച്ചുരുക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. അതേസമയം, ഡീസല്‍ വില കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കെഎസ്ആര്‍ടിസി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നല്‍കി വന്നിരുന്ന 50 കോടി രൂപയാണ് 30 കോടിയായി വെട്ടിച്ചുരുക്കാന്‍ ധനവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. കുത്തനെ ഉയര്‍ത്തിയ ഇന്ധന വിലയും ശമ്പള പരിഷ്‌കരണത്തിന്റെ ബാധ്യതയും വായ്പകളുടെ തിരിച്ചടവും ഉള്‍പ്പെടെ ചെലവുകളുടെ നീണ്ട പട്ടികയ്ക്കിടയിലാണ് ധനവകുപ്പിന്റെ പ്രഹരം.
അതേസമയം, വന്‍കിട ഉപഭോക്തക്കളുടെ പട്ടികയില്‍പ്പെടുത്തി കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ലീറ്ററിന് 21 രൂപ ഒറ്റയടിക്ക് കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ ഇന്ന് തന്നെ സമീപിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി.
രണ്ടു ഘട്ടങ്ങളിലായി 27.88 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം 83 ലക്ഷം രൂപയുടെയും മാസം 25 കോടിയുടെയും അധിക ബാധ്യത വരുത്തിവയ്ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ പമ്പുകളെ ആശ്രയിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനമെങ്കിലും ശാശ്വത പരിഹാരമല്ല. ഇക്കാര്യത്തില്‍ നിയമ നടപടിക്കൊപ്പം രാഷ്ട്രീയ ഇടപെടലിനും ഗതാഗത വകുപ്പ് ശ്രമിക്കുകയാണ്.
കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി പണം കണ്ടെത്തുകയാണ് പരിഹാര മാര്‍ഗമെങ്കിലും കട്ടപ്പുറത്തിരിക്കുന്ന 700 ലധികം ബസുകള്‍ ഇറക്കാനും സാമ്പത്തിക സഹായം തേടുകയാണ് കെഎസ്ആര്‍ടിസി.
