ഹിജാബ് വിധി; കര്‍ണാടകയില്‍ ഇന്ന് ബന്ദ്; പ്രശ്ന ബാധിത മേഖലകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്

 

ഹിജാബ് വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ഇന്ന് വിവിധ മുസ്ലിം സംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ്. പ്രശ്ന ബാധിത മേഖലകളില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്. ശരീഅത്ത് അമീര്‍ മൗലാന സഗീര്‍ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

ബന്ദിന് കര്‍ണാടകയിലെ പ്രധാന പത്ത് മുസ്ലിം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീര്‍ മൗലാന സഗീര്‍ അഹമ്മദ് പറഞ്ഞു. ബന്ദിന്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ബുധനാഴ്ച ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. ചിക്ക്മംഗളൂരു, ഹാസ്സന്‍, റെയ്ച്ചൂര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതായിരുന്നു വിധി.

 

Exit mobile version