നമ്പര്‍ 18 പോക്‌സോ കേസ്: ചോദ്യം ചെയ്യലിനു ഹാജരായില്ല; പൊലീസ് അയച്ച നോട്ടീസ് കൈപ്പറ്റാതെ അഞ്ജലി റിമാ ദേവ്

 

നമ്പര്‍ 18 പോക്‌സോ കേസില്‍ പൊലീസിനെ വെട്ടിച്ച് അഞ്ജലി റീമാ ദേവ്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് അയച്ച നോട്ടീസ് ഇതുവരെ അഞ്ജലി കൈപ്പറ്റിയിട്ടില്ല. അഞ്ജലിയുടെ ബന്ധുവിനാണ് പൊലീസ് നോട്ടീസ് കൈമാറിയത്. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടില്‍ നോട്ടീസ് പതിയ്ക്കാനാണ് തീരുമാനം.

കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നല്‍കിയത്. ഇന്ന് മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. പക്ഷേ, അഞ്ജലി ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. അഞ്ജലിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നോട്ടീസ് കൈപ്പറ്റിയ ബന്ധു പൊലീസിനു നല്‍കിയ മൊഴി.

വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ച കേസില്‍ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ റോയി വയലാറ്റ് രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവരുടെ ഹര്‍ജി സിംഗിള്‍ ബെഞ്ച് നിരസിച്ചിരുന്നു. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

മോഡലുകളുടെ മരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ വാഹനം പിന്തുടര്‍ന്നതാണ് മോഡലുകളടെ വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. റോയ് വയലാറ്റും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ദേശിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്.

Exit mobile version