യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം പൂര്‍ത്തിയായി; 22,500 ലധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രി

 

യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനില്‍ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.

യുക്രൈന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായാണ് ഇടപെട്ടത്. 76 സിവിലിയന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ 90 വിമാനങ്ങള്‍ ഓപറേഷന്‍ ഗംഗയില്‍ പങ്കെടുത്തു. ഇന്ത്യ നിലകൊണ്ടത് സമാധാനത്തിന് വേണ്ടിയെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവി സംബന്ധിച്ച കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും എസ് ജയശങ്കര്‍ അറിയിച്ചു.

അതേസമയം, അധിനിവേശത്തിന്റെ ഇരുപതാം ദിനത്തില്‍ യുക്രൈന്റെ കൂടുതല്‍ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്റെ നിയന്ത്രണം റഷ്യന്‍ സേന ഏറ്റെടുത്തു. ഇതോടെ യുക്രൈന്റെ കടല്‍ വഴിയുള്ള അന്താരാഷ്ട്ര വ്യാപാരം നിലച്ചു.

തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വന്‍ നഗരങ്ങള്‍ വൈകാതെ കീഴടക്കുമെന്ന് റഷ്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു.

യുക്രൈനിലെ സൈനിക നിയമം മാര്‍ച്ച് 24 മുതല്‍ 30 ദിവസം കൂടി തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. റഷ്യന്‍ അധിനി വേശത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കാന്‍ നാറ്റോയുടെ മേല്‍ സമ്മര്‍ദം ശക്തമാക്കും. ഇതിന്റെ ഭാഗമായി നാളെ യുഎസ് കോണ്‍ഗ്രസില്‍ സെലെന്‍സ്‌കി വെര്‍ച്വല്‍ പ്രസംഗം നടത്തും.

Exit mobile version