യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് കേന്ദ്രം സഹായം നല്‍കും

 

വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയക്കായി യമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചത്. യെമനിലെത്തി ചര്‍ച്ചകള്‍ നടത്താനുള്ള സഹായവും കേന്ദ്രം നല്‍കും. നിമിഷ പ്രിയക്കായി നയതന്ത്രതലത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കവേയായിരുന്നു നിലപാട് അറിയിച്ചത്.

ജസ്റ്റിസ് കാമേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇന്നലെ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് കോടതി നോട്ടീസ് നല്‍കിയിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ നേരത്തെ പിന്തുണച്ചിരുന്നു. നിമിഷപ്രിയക്കായി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹൈക്കോടതിയെ സമീപിച്ചത്. നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാനായി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടു ലോകസഭയില്‍ ഡീന്‍ കുര്യാക്കോസ് എംപി നോട്ടീസ് നല്‍കിയിരുന്നു.

നിമിഷപ്രിയക്ക് യെമന്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവ് തേടി നിമിഷപ്രിയ നല്‍കിയ ഹരജി മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ. ആത്മരക്ഷാര്‍ഥമാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ വാദിച്ചത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അന്തിമ വിധി എതിരായി.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

Exit mobile version