സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കിഫ്ബി വഴി 2000 കോടി; 1000 കോടി മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍

 

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 2000 കോടി രൂപ ലഭ്യമാക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സില്‍വര്‍ ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങല്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ വികസനത്തിനായി കിഫ്ബി ഫണ്ടുപയോഗിച്ച് കിന്‍ഫ്രാ പാലക്കാട് 1351 ഏക്കറില്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ച്ചറിംഗ് ക്ലസ്റ്റര്‍ എല്‍.എം.സി ഏറ്റെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് 1000 കോടി മുതല്‍ മുടക്കില്‍ നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങള്‍ ധാരാളം പുതിയ വ്യവസായ സാധ്യതകള്‍ തുറക്കുന്നു. ഈ സാധ്യതകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനാണ് ആയിരം കോടി മുതല്‍ മുടക്കില്‍ നാലു സയന്‍സ് പാര്‍ക്കുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമായി ഇരട്ട ബ്ലോക്കുള്ള സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതുകൂടാതെ ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സമീപം സ്ഥാപിക്കും.

ഓരോ സയന്‍സ് പാര്‍ക്കും 200 കോടിരൂപ വീതം മുതല്‍മുടക്കുള്ളതും രണ്ടു ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതുമായിരിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കും. ഈ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് സംസ്ഥാനത്തെ ഐടി പാര്‍ക്കുകളിലോ ഏറ്റെടുക്കല്‍ ഘട്ടത്തിലുളള മറ്റു പാര്‍ക്കുകളിലോ ആയിരിക്കും. അത്തരം സ്ഥല സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള 10 ഏക്കര്‍ സ്ഥലമേറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. പാര്‍ക്കുകളില്‍ വ്യവസായ ഗവേഷണ രംഗങ്ങളില്‍ നിന്നുള്ള 100 ഉപയോക്താക്കള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കെ.ബി.ഐ.സിയുടെ ഭാഗമായി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ് എന്ന പേരില്‍ പുതിയ പ്രോജക്റ്റ് വികസിപ്പിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇത് ഒരു നോണ്‍ മാനുഫാക്ചറിംഗ്ക്ലസ്റ്ററായും അങ്കമാലിയിലെ ബിസിനസ് കേന്ദ്രമായും വികസിപ്പിക്കും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ പലിശയോട് കൂടിയ വായ്പ നല്‍കാന്‍ കിഫ്ബി തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരത്തെ കാരോട് വരെയുള്ള എന്‍.എച്ച്. 66ന്റെ 600 കിലോമീറ്റര്‍ ദൂരമുള്ള ആറുവരിപ്പാത യാഥാര്‍ത്ഥ്യമാക്കുന്നത് ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം കിഫ്ബി പങ്കിട്ടതിനാലാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനായി കിഫ്ബി 6769.01 കോടി രൂപ അനുവദിക്കുകയും 5311 കോടി രൂപ എന്‍.എച്ച്.എ.ഐയ്ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

 

Exit mobile version