സംസ്ഥാന ബജറ്റിലെ ആദ്യ നീക്കിയിരുപ്പ് ലോക സമാധാന സമ്മേളന നടത്തിപ്പിന്. ലോകമെമ്പാടുമുള്ള സമാധാന ചിന്തകരേയും പ്രഗത്ഭരേയും പങ്കെടുപ്പിച്ചു കൊണ്ട് ഓണ്‍ലൈന്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും സമാധാന ചര്‍ച്ചകള്‍ക്ക് ശക്തിപകരുന്നതിനായി 2 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
കാലവാസ്ഥ ദുരന്തങ്ങളുടെയെല്ലാം കെടുതിയില്‍ ആശ്വാസം തേടി വരുമ്പോള്‍ യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റേയും ഭീഷണി ലോകമെമ്പാടുമുള്ള മനുഷ്യന്റെ സ്വസ്ഥത തകര്‍ക്കുകയാണ്. റഷ്യ യുക്രൈന്‍ യുദ്ധം ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിന്റെയും സര്‍വവും നശിപ്പിക്കാന്‍ ശേഷിയുള്ള ആണവയുദ്ധത്തിന്റേയും വക്കിലെത്തിച്ചു. ഇപ്പോഴും അതിനുള്ള സാധ്യത ഒഴിഞ്ഞു പോയിട്ടില്ല. ഹിരോഷ്മയും നാഗസാക്കിയും സമാധാനത്തിന് വേണ്ടി പ്രയ്തിക്കാന്‍ ഓര്‍മപ്പെടുത്തുകയാണ്. ഞാന്‍ ബലത്തിനാളല്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയല്ല വേണ്ടത്. നമ്മളോരോരുത്തരും അതിനായി എളിയ സംഭാവന നല്‍കേണ്ടതുണ്ട്. അങ്ങനെയൊരു നല്ലകാര്യത്തിനായികൊള്ളട്ടെ 2022-23 സംസ്ഥാന ബജറ്റിലെ ആദ്യ പ്രഖ്യാപനമെന്നും ധനമന്ത്രി പറഞ്ഞു.
കേരളം കൊടിയ പ്രതിസന്ധികളുടെ താഴ്ചകളെ അതിജീവിച്ചു തുടങ്ങി. ജിഎസ്ടി വരുമാനവളര്‍ച്ചയില്‍ 14.5% വര്‍ധന. കോവിഡ് നാലാം തരംഗമുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ന്‍ യുദ്ധം മൂലം വിലക്കയറ്റത്തിനും സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാരിന് ധനകാര്യയാഥാസ്ഥിതികത്വം തലയ്ക്കു പിടിച്ച അവസ്ഥയെന്ന് ധനമന്ത്രി.
കോവിഡ് സൃഷ്ടിച്ച അസമത്വങ്ങള്‍ക്കിടയിലും കോര്‍പറേറ്റുകളെ സഹായിക്കുന്നു. സംസ്ഥാനത്തിന്റെ നികുതിവിഹിതം കേന്ദ്രം അന്യായമായി വെട്ടിക്കുറയ്ക്കുന്നു. വിഭവങ്ങള്‍ കേന്ദ്രത്തിന്, ക്ഷേമകാര്യച്ചുമതല സംസ്ഥാനങ്ങള്‍ക്ക് എന്നതാണ് നിലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം സഭയില്‍ പുരോഗമിക്കുന്നു.
