ഒന്നര വയസുകാരിയുടെ കൊലപാതകം; കുട്ടികളെ മറയാക്കി സിപ്സിയുടെ നീക്കങ്ങള്‍; സംഭവത്തില്‍ പ്രതി ജോണ്‍ ബിനോയി ഡിക്രൂസിനെയും കുട്ടിയുടെ മുത്തശ്ശി സിപ്സിയേയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

Close up of feet of a newborn baby

 

പള്ളൂരുത്തിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ പ്രതി ജോണ്‍ ബിനോയി ഡിക്രൂസിനെയും കുട്ടിയുടെ മുത്തശ്ശി സിപ്സിയേയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ലഹരി മരുന്ന് ഇടപാടുകള്‍ക്കുള്‍പ്പടെ സിപ്സി കുട്ടികളെ മറയാക്കി ഉപയോഗിച്ചെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൊല്ലപ്പെട്ട ഒന്നരവയസുകാരി നോറയുടെ പിതാവ് സജീവും സിപ്സിയും ലഹരി മരുന്ന് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. നേരത്തെ ചോദ്യം ചെയ്യലിന് ശേഷം സിപ്സിയെ പൊലീസ് വിട്ടയച്ചിരുന്നെങ്കിലും ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

സിപ്സിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ജോണ്‍ ബിനോയ് ഒന്നരവയസുകാരിയെ കൊലപെടുത്തിയതെന്നാണ് പുറത്തുവരുന്ന സൂചന. ഇതുസംബന്ധിച്ച് ഇരുവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഹോട്ടലുകളിലേക്കും മറ്റും പോകുമ്പോള്‍ കുട്ടികളെ ഒപ്പം കൂട്ടുകയെന്നതായിരുന്നു സിപ്സിയുടെ രീതി. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനും പരിശോധനകള്‍ ഉണ്ടാകാതിരിക്കാനുമാണ് ഇത്തരത്തിലൊരു രീതി സിപ്സി സ്വീകരിച്ചിരുന്നത് എന്നാണ് വിവരം.

കുട്ടിയുടെ മരണ വര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിദേശത്ത് ജോലി ചെയ്യുന്ന അമ്മ ഡിക്സി ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും എതിരെ രംഗത്തെത്തിയിരുന്നു. അമ്മായിയമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായി ഡിക്സി ആരോപിച്ചിരുന്നു. മക്കളെ ഭര്‍ത്താവ് നോക്കാറില്ല. അതിനാല്‍ പണം അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ അമ്മായിയമ്മയ്ക്കും ഭര്‍ത്താവിനും ദേഷ്യമുണ്ടായിരുന്നുവെന്നും ഡിക്സി വെളിപ്പെടുത്തി.

ഇരുവരും കുട്ടികളെ പീഡിപ്പിച്ചിരുന്നതായും ഇത് സംബന്ധിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നുവെന്നും ഡിക്സി വ്യക്തമാക്കി. എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗള്‍ഫില്‍ നിന്ന് വന്നതിന് ശേഷം ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളിലേക്ക് പോകാമെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചതെന്നും ഡിക്സി പറഞ്ഞു.

ചൊവ്വാഴ്ചയാണ് കൊച്ചി കലൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് നോറയെ അമ്മൂമ്മയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസ് കൊലപ്പെടുത്തിയത്. മുറിയില്‍ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറിതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെയാണ് പ്രതി ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചര്‍ദിച്ച് അവശനിലയിലായെന്ന് പറഞ്ഞാണ് കുഞ്ഞിനെ അമ്മൂമ്മ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായത്.

അതേസമയം കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല. ഹോട്ടല്‍ മുറിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലാനുണ്ടായ സാഹചര്യം എന്നാണ് നിഗമനം. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.

Exit mobile version