വര്‍ക്കലയിലെ ദുരന്തം; വീട്ടിലേക്ക് തീപടര്‍ന്നത് ബൈക്കില്‍ നിന്ന്; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

 

തിരുവനന്തപുരം: വര്‍ക്കലയില്‍ അഞ്ച് പേര്‍ വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീപടര്‍ന്നത് ബൈക്കില്‍ നിന്നെന്ന് അനുമാനം. പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നത് കാണാം. തൊട്ടുത്തുള്ള വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. ബൈക്കിന് തീപിടിച്ച് അഞ്ച് മിനുട്ടിന് ശേഷം വീടിന്റെ ഭാഗത്തേക്ക് തീ പടരുന്നു. പിന്നീട് ചെറിയ പൊട്ടിത്തെറിയോടെ വീട്ടിലേക്ക് തീ വ്യാപിക്കുന്നു.

തീപിടിച്ച് 25 മിനുട്ട് കഴിഞ്ഞാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പോര്‍ച്ചില്‍ ബൈക്ക് നിര്‍ത്തിയിട്ടതിന്റെ മുകള്‍ ഭാഗത്ത് ഹോള്‍ഡര്‍ ഉണ്ടായിരുന്നു. അതില്‍ സ്പാര്‍ക്കുണ്ടായി ബൈക്കിന് തീ പിടിച്ചതാണെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ അപകട സമയത്ത് അസ്വഭാവികമായി ആരും ഉണ്ടായിരുന്നില്ല.

തീപിടിത്തമുണ്ടായ വീട്ടിലും സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തീപിടുത്തത്തില്‍ ഹാര്‍ഡ് ഡിസ്‌കിന് കേടുപാടുണ്ടായി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. വീട്ടില്‍ നിന്നും ലഭിച്ച ഫോണുകളും ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. അപകടം ആസൂത്രിതമല്ലെന്നാണ് പൊലീസ് അനുമാനം.

മാര്‍ച്ച് 8 ന് പുലര്‍ച്ചെയായിരുന്നു വര്‍ക്കലയില്‍ ചെറുന്നിയൂരില്‍ വീടിന് തീപിടിച്ചത്. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍ എന്നയാളുടെ വീടിനാണ് തീപ്പിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി(52), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകന്‍ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റു.

ഗുരുതരമായി പരുക്കേറ്റ നിഖിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് മക്കളാണ് പ്രതാപനുള്ളത്. ഇതില്‍ ഒരാള്‍ ബിസിനസ് ആവശ്യവുമായി മുംബൈയിലായിരുന്നു. വീട്ടിലെ എല്ലാ മുറികളിലും എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

 

Exit mobile version