‘അത് പുരുഷന്‍മാരുടെ മാത്രം സ്ഥലമാണെന്ന് ഡിജിപി പറഞ്ഞു’; സ്ത്രീയാണ് എന്ന കാരണത്താല്‍ പല തരം വിവേചനങ്ങള്‍ നേരിടേണ്ടി വന്നു; ആംഡ് പൊലീസ് ബറ്റാലിയന്റെ മേധാവി സ്ഥാനം തഴഞ്ഞതിനേക്കുറിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

 

സ്ത്രീയാണ് എന്ന കാരണത്താല്‍ പല തരം വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും എന്നാല്‍ അതിനെ കാര്യമാക്കുന്നില്ല എന്നും മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. പുരുഷന്മാര്‍ എഴുതിയ അതേ പരീക്ഷ പാസ്സായി വന്നിട്ടും തനിക്ക് നേരെ പല തരം വിവേചനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ വിവേചനങ്ങള്‍ താന്‍ മുഖവിലയ്ക്ക് എടുത്തില്ല. അത്തരം ചിന്താഗതിയുണ്ടെങ്കില്‍ നമ്മളെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല എന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. ‘അമ്മ’യുടെ വനിതാദിനാഘോഷം ‘ആര്‍ജ്ജവ 2022’ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവേയാണ് ആര്‍ ശ്രീലേഖയുടെ പ്രതികരണം.

‘വേതനത്തിന്റെ തുല്യത ഇല്ല എന്ന് നിങ്ങളില്‍ പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു അത്ഭുതവുമില്ല. കാരണം ഒരു ലേഡി ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ പുരുഷന്മാര്‍ എഴുതിയ അതേ പരീക്ഷ എഴുതി അതുപോലെ ട്രെയിനിങ് പാസായി അതുപോലുള്ള പദവിയില്‍ ഞാന്‍ കേരളത്തില്‍ വന്നിട്ട് പല തരം വിവേചനം ഡിപ്പാര്‍ട്‌മെന്റ് എനിക്ക് നേരെ ഉയര്‍ത്തിയെങ്കിലും ഞാന്‍ അത് കാര്യമാക്കുന്നില്ല. ആ സമയത്ത് ഒതുക്കപ്പെടുകയും നീ ഒരു പെണ്ണല്ലേ നിന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്ന ചോദ്യങ്ങളുണ്ടായി.

ആംഡ് പൊലീസ് ബറ്റാലിയന്റെ തലപ്പത്ത് ഇരുത്താമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് പുരുഷന്മാരുടെ മാത്രം സ്ഥലമാണ് ഒരു സ്ത്രീ എങ്ങനെ ഇരിക്കും എന്ന് ഒരു ഡിജിപി പറഞ്ഞു. ആ ഡിജിപിയ്ക്ക് വിവരമില്ല എന്ന് വിചാരിച്ചാല്‍ മതി. അങ്ങനെ ഒരു ചിന്താഗതി ഉണ്ടാക്കിയെടുത്താല്‍ ഒരാള്‍ക്കും നമ്മളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല’, ആര്‍ ശ്രീലേഖ പറഞ്ഞു.

കലൂരിലുള്ള ‘അമ്മ’ ഓഫീസില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി കെ കെ ശൈലജയായിരുന്നു വിശിഷ്ടാതിഥി. സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്വേതാ മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഷബാനിയ അജ്മല്‍, രചന നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നടിമാരെ ആദരിച്ചു. പോഷ് ആക്ടിനേക്കുറിച്ച് (തൊഴിലിടങ്ങളിലെ ലൈംഗീക അതിക്രമം തടയാനുള്ള നിയമം) അഭിഭാഷക ടീന ചെറിയാന്‍ സംസാരിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലാണ് വനിതകളുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

Exit mobile version