‘ഭൂപടം പാത്തു, ചെമ്പിന്റെ മൂടി, ഇരട്ടപ്പേരുകളേറെ’; ആര്‍ക്കും എന്തും കൊണ്ടു വന്ന് തള്ളാവുന്ന ഇടമായി സൈബര്‍ ലോകം മാറി; സൈബര്‍ ആക്രമണത്തെക്കുറിച്ച് ഫാത്തിമ തെഹ്ലിയ

 

സൈബറിടങ്ങളില്‍ വലിയ ആക്രമണമാണ് സ്ത്രീകള്‍ നേരിടുന്നതെന്ന് അഡ്വ. ഫാത്തിമ തഹ്ലിയ. ആര്‍ക്കും എന്തും കൊണ്ടു വന്ന് തള്ളാവുന്ന ഇടമായി സൈബര്‍ ലോകം മാറി. സ്ത്രീകളെ നേരിട്ട് എതിര്‍ക്കാന്‍ ധൈര്യമില്ലാത്തവര്‍ സൈബറിടത്തില്‍ പച്ചത്തെറി പറയും. സൈബര്‍ നിയമം ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും ഫാത്തിമ തെഹ്ലിയ ചൂണ്ടിക്കാട്ടി.

സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കുമ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നിരാശാജനകമായ പ്രതികരണമാണ് ഉണ്ടാവുന്നതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു. ഒരു ഘട്ടത്തില്‍ പരാതി പിന്‍വലിക്കണമെന്ന് പൊലീസ് തന്നെ ഇങ്ങോട്ട് ആവശ്യപ്പെട്ടു. തങ്ങള്‍ അന്വേഷിച്ചിട്ട് എങ്ങുമെത്തുന്നില്ല എന്നാണ് ലഭിച്ച വിശദീകരണം. നമുക്ക് സുരക്ഷ നല്‍കേണ്ട സംവിധാനത്തിന്റെ ഭാഗത്ത് നിന്ന് തന്നെയുണ്ടാവുന്ന പ്രതികരണം ഇങ്ങനെയാണെന്നും ഫാത്തിമ തെഹ്ലിയ വിമര്‍ശിച്ചു.

ഇപ്പോള്‍ ഞാന്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല. ഭൂപടം പാത്തു, അഞ്ചു രൂപ പാത്തുമ്മ, ബിരിയാണി ചെമ്പിന്റെ മൂടി എന്നിങ്ങനെ പല പേരും സൈബറിടം സമ്മാനിച്ചു. എന്നാലിതിനൊന്നും എന്നെ തകര്‍ക്കാനാവില്ല,’ ഫാത്തിമ തെഹ്ലിയ പറഞ്ഞു. ആക്രമണങ്ങള്‍ക്കെതിരെ പോരാടാനും അല്ലെങ്കില്‍ തീര്‍ത്തും അവഗണിക്കാനുമുള്ള സാധ്യത സൈബര്‍ ലോകം തരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിന് മാത്രമല്ല ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ക്കും ഇത്തരത്തില്‍ ഫേക്ക് ഐഡികളെ ഇല്ലാതാക്കാമെന്നും ഫാത്തിമ തെഹ്ലിയ ചൂണ്ടിക്കാട്ടി. മാധ്യമം ദിനപത്രത്തോടായിരുന്നു ഫാത്തിമ തെഹ്ലിയയുടെ പ്രതികരണം.

Exit mobile version