യെമന്‍ പൗരന്റെ കൊലപാതകം; നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

 

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നിമിഷ പ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു. സനായിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവച്ചത്. വധശിക്ഷ ശരിവച്ചതോടെ യെമന്‍ പ്രസിഡന്റന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കേസ് സമര്‍പ്പിക്കാം. നിലവില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ (33) സനയിലെ ജയിലില്‍ കഴിയുകയാണ്.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാമെങ്കിലും ശിക്ഷയില്‍ ഇളവിന് സാധ്യതയില്ല. സുപ്രീംകോടതി പരിശോധിക്കുക നടപടിക്രമങ്ങള്‍ മാത്രമായിരിക്കും. 2017ല്‍ യെമന്‍ പൗരനായ തലാല്‍ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചന്ന കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. തലാല്‍ തന്നെ തടഞ്ഞുവച്ചു മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ആത്മരക്ഷാര്‍ത്ഥം ആണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു നിമിഷ പ്രിയയുടെ വാദം.

സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷയുടെ ആവശ്യം. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് നിമിഷ പ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരുന്നത്. എന്നാല്‍ യുവതിയുടെ വധശിക്ഷ കോടതി ശരിവക്കുകയായിരുന്നു.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശ പ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.

 

 

 

Exit mobile version